ഒരു സ്ത്രീയുടെ ജീവിത്തെ മാറ്റിമറിക്കുന്ന സമയങ്ങളില്‍ ഒന്നാണ് ഗര്‍ഭ കാലഘട്ടം. ഏറെ ശ്രദ്ധയോടെയാണ് ഓരോ ദിനവും ഈ സമയങ്ങളില്‍ കടന്നു പോകുന്നത്. എന്നാല്‍, ചൈനയില്‍ നിന്നും പുറത്ത് വരുന്ന ഒരു അസാധാരണ വാര്‍ത്ത ഏവരെയും അൽഭുതപ്പെടുത്തുന്നതാണ്. ഗര്‍ഭിണിയാണെന്ന് യുവതി അറിഞ്ഞത് പ്രസവത്തിന് നാല് മണിക്കൂര്‍ മുന്‍പ്. ഭാരം കുറക്കല്‍, IVF ചികില്‍സകളിലൂടെ കടന്ന് പോയിരുന്ന യുവതിക്ക് എട്ടര മാസത്തോളം ഒരു തരത്തിലും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാനായില്ല.
ചൈനയിലെ 'ചാവോ ന്യൂസിനെ' ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. 36 -കാരിയായ ഗോങ് ഗര്‍ഭിണിയാകാത്തതിനാല്‍ വളരെക്കാലമായി ഐവിഎഫ് ചികിത്സയിലായിരുന്നു. കുട്ടികളുണ്ടാകാത്തതിനാല്‍ പല പ്രാദേശിക ചികിത്സകള്‍ക്കും ശേഷമാണ് ഗോങും ഭര്‍ത്താവും ഐവിഎഫ് ചികിത്സയ്ക്ക് ശ്രമിച്ചത്. പല തവണ ഐവിഎഫ് ചികിത്സ നടത്തിയെങ്കിലും ഗര്‍ഭിണിയായില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് ശരീരഭാരം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് അസാധാരണ സംഭവങ്ങള്‍.
2024 ഡിസംബര്‍ ആദ്യ ആഴ്ചയില്‍ കൈയ്ക്ക് അസാധാരണമായ മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിന് അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് ഗോങ് എത്തി. പരിശോധനയ്ക്കിടെ ഗോങിന് മാസങ്ങളായി ആര്‍ത്തവം നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍ കണ്ടെത്തി. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ അള്‍ട്രാസൌണ്ട് പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ ഗോങ് എട്ടര മാസം ഗര്‍ഭിണിയാണെന്നും രണ്ട് കിലോഗ്രാം ഭരമുള്ള കുഞ്ഞ് വയറ്റില്‍ വളരുകയാണെന്നും കണ്ടെത്തി. ഒടുവില്‍ നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. ഗോങും മകനും സുഖമായിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത വണ്ണം കുറക്കാനുള്ള ശ്രമത്തിലായതിനാലാണ് യുവതിക്ക് ശാരീരിക മാറ്റങ്ങള്‍ തിരിച്ചറിയാനാകാത്തതെന്നാണ് നിഗമനം.