തട്ടിയെടുത്ത ട്രെയിനിലെ പാകിസ്താന്‍ പട്ടാളക്കാരെ കൊന്നുവെന്ന് വെളിപ്പെടുത്തി ബലൂച് ലിബറേഷന്‍ ആര്‍മി. ബന്ദികളാക്കിയ 180 ട്രെയിന്‍ യാത്രക്കാരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ സൈനികരായിരുന്നു. അവരില്‍ ചിലരുടെ ജീവനെടുത്തുവെന്നാണ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) വെളിപ്പെടുത്തിയത് .പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ നിന്ന് പെശവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിനാണ് ബി.എല്‍.എ തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 450 ലധികം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
ട്രെയിനിന്‍റെ നിയന്ത്രണം സ്വന്തമാക്കാന്‍ പാകിസ്ഥാൻ സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷൻ നടത്തിയാൽ ബന്ദികളെ കൊല്ലുമെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ തകർത്ത് ഒരു തുരങ്കത്തിനുള്ളിൽ ട്രെയിൻ നിർത്തിച്ച ശേഷമാണ് ബിഎല്‍എ ട്രെയിനിനുള്ളില്‍ പ്രവേശിച്ചത്
ഏത് സൈനിക കടന്നുകയറ്റത്തിനും തുല്യമായ ശക്തമായ മറുപടി നൽകും. ഇതുവരെ ആറ് സൈനികർ കൊല്ലപ്പെട്ടു, നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും ബിഎൽഎയുടെ കസ്റ്റഡിയിലാണ്. ഈ പ്രവർത്തനത്തിന്റെ പൂർണ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുന്നു," സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ ബിഎൽഎ വക്താവ് പറഞ്ഞു.
സർക്കാർ അടിയന്തര നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ എല്ലാ വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനും ചൈനയ്ക്കുമെതിരായി വിഘടനവാദി തീവ്രവാദ ഗ്രൂപ്പുകൾ കലാപം അഴിച്ചുവിടുന്നത് പതിവായിരുന്നു.
ബി എല്‍ എയുടെ ആവശ്യമെന്ത്? എന്തിന് ട്രെയിന്‍ തട്ടിയെടുത്തു?
പാക്കിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ബി.എല്‍.എ പ്രതിഷേധങ്ങളും കലാപങ്ങളും അഴിച്ചുവിട്ടിരുന്നു. ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു വിഭവങ്ങൾ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാൻ സർക്കാരിനെതിരെ പതിറ്റാണ്ടുകളായി പോരാടുന്ന നിരവധി വംശീയ വിമത ഗ്രൂപ്പുകളിൽ ഏറ്റവും വലുതാണ് ബിഎൽഎ.
പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 44 ശതമാനം ഇവിടെയാണെങ്കിലും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യയാണിത്. ലോകത്തിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖങ്ങളിലൊന്നായ ഗ്വാദർ ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ആഗോളതലത്തില്‍ തന്നെ തന്ത്ര പ്രധാനമായ വ്യാപാര പാതയാണിത്.
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാൻ, വടക്കുകിഴക്ക് ഖൈബർ പഖ്തൂൺഖ്വ, കിഴക്ക് പഞ്ചാബ്, തെക്കുകിഴക്ക് സിന്ധ് എന്നീ പ്രവിശ്യകളുമായി അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഇറാനുമായും വടക്ക് അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നുണ്ട് ബലൂചിസ്ഥാന്‍. തെക്കൻ അതിർത്തിയില്‍ അറേബികടലാണ്.