ഇംഗ്ലണ്ട് വെയല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ ദി ഹണ്ട്രഡ് ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പൂര്‍ണ അവഗണന. ഹണ്ട്രഡ് ലീഗിന്‍റെ ഡ്രാഫ്റ്റില്‍ പങ്കെടുത്ത 50 താരങ്ങളില്‍ ആരെയും ഒരു ടീമും പരിഗണിച്ചില്ല. പാക്കിസ്ഥാന്‍ താരങ്ങളായ നസീം ഷാ, സെയിം അയൂബ്, ഷഹ്ദാബ് ഖാന്‍ എന്നിവരടക്കമുള്ള താരങ്ങളാണ് ആരും വാങ്ങാതെയായത്. 2021 ല്‍ ടൂര്‍ണമെന്‍റ് ആരംഭിച്ച ശേഷം ആദ്യമായാണ് പാക് താരങ്ങള്‍ ലീഗിന്‍റെ ഭാഗമാകാതിരിക്കുന്നത്.
Also Read: ഇന്ത്യയെ പാഠം പഠിപ്പിക്കണം; ഐപിഎല്‍ ബഹിഷ്കരിക്കണം; ആവശ്യവുമായി ഇന്‍സമാം
1.20 ലക്ഷം പൗണ്ടാണ് നസീമിനും ഷഹ്ബാദിനും അടിസ്ഥാന വില. അയൂബ് 78500 പൗണ്ടിന്‍റെ വിഭാഗത്തിലാണ് വരുന്നത്. വനിതാ താരങ്ങളില്‍ ആലിയ റിയസ്, ഫാത്തിമ സന, യുസ്ര ആമിര്‍, ഇറാം ജാവേദ്, ജവേറിയ റൗഫ് എന്നിവരുണ്ടായിരുന്നെങ്കിലും ആരെയും ടീമുകള്‍ പരിഗണിച്ചിട്ടില്ല.
ടീമുകളുടെ ഉടമസ്ഥാകവാശത്തിലുള്ള ഇന്ത്യന്‍ പങ്കാണ് പാക് താരങ്ങളുടെ അപ്രഖ്യാപിത വിലക്കിന് കാരണമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹണ്ട്രഡ് ടീമുകളില്‍ വിവിധ ഐപിഎല്‍ ടീമുകള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഒവല്‍ ഇന്‍വിസിബിളില്‍ എന്ന ടീമില്‍ മുംബൈ ഇന്ത്യന്‍സിന് ഓഹരി പങ്കാളിത്തമുണ്ട്.
ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍ എന്നിവ യഥാക്രമം മാഞ്ചസ്റ്റര്‍ ഒറിജിനല്‍, നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സ്, സതേണ്‍ ബ്രേവില്‍ എന്നിവയുടെ ഓഹരി ഉടമകളാണ്. ഇന്ത്യന്‍– അമേരിക്കന്‍ സംരംഭകനായ സഞ്ജയ് ഗോവില്‍ വെല്‍ഷ് ഫയര്‍ ടീമില്‍ 50 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗായ എസ്എ20 ലീഗിലെ ടീമുകളും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരുന്നു. എസ്എ 20 യുടെ മൂന്ന് എഡിഷനിലും പാക് താരങ്ങള്‍ കളിച്ചിരുന്നില്ല.
Also Read: ‘ഇന്ത്യയില്‍ കാലുകുത്തരുത്’; അന്ന് ആളുകള്‍ ഭീഷണിപ്പെടുത്തിയെന്ന് വരുണ്‍
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക് താരങ്ങളുടെ സമീപകാല പ്രകടനങ്ങളും ടീമുകളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. 2023 ഏകദിന ലോകകപ്പ്, 2024 ട്വന്‍റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി എന്നിങ്ങനെ സമീപകാലത്തെ പ്രധാന ഐസിസി ടൂര്‍ണമെന്‍റുകളില്‍ നിന്നും പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം നസീം ഷാ, ഷഹീന്‍ അഫ്രീഡി എന്നിവരെ ടീമിലെടുത്തെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കിയിരുന്നില്ല. ഇതും ഫ്രാഞ്ചൈസി തീരുമാനത്തില്‍ ഒരുഘടകമായതായാണ് വിവരം.
100 പന്തുകള്‍ എറിയുന്ന ഫോര്‍മാറ്റില്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റാണ് ദി ഹണ്ട്രഡ് ലീഗ്. ഇംഗ്ലണ്ട് വെയല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയാണ്.