മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കസ്റ്റഡിയിലെടുത്തു.'മയക്കുമരുന്നിനെതിരായ യുദ്ധം' എന്ന കാംപൈന്റെ ഭാഗമായി നടത്തിയ നിരവധി കൊലപാതകങ്ങളുടെ പേരിലാണ് നടപടി. ഡുട്ടേർട്ടെ ഹോങ്കോങില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
2016 മുതൽ 2022 വരെ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന ഡുട്ടേർട്ടെ, ആറ് വർഷത്തെ ഭരണത്തിനിടെ 6,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ ക്രൂരമായ മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകിയതിനാണ് ഈ കുറ്റകൃത്യങ്ങള്‍ ചുമത്തിയത്. എന്നാല്‍ മനുഷ്യവകാശ സംഘടനകള്‍ പറയുന്നതനുസരിച്ച് യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടും. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നുന്നവരെ വെടിവച്ച് കൊല്ലാന്‍ അദ്ദേഹം സേനയെ ഏര്‍പ്പടുത്തിയിരുന്നു.
പ്രസിഡന്റായിരിക്കെ, ഡുട്ടേർട്ടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പനക്കാരെയും കൊലപ്പെടുത്താൻ ഡെത്ത് സ്ക്വാഡുകൾ ഉണ്ടാക്കുകയും ധനസഹായവും ആയുധങ്ങളും നൽകുകയും ചെയ്തു എന്നാണ് ഐസിസിയുടെ അറസ്റ്റ് വാറണ്ടിൽ പറയുന്നത്. വരും ദിവസങ്ങളിൽ അദ്ദേഹത്തെ ഹേഗിലെ ഐസിസി ജഡ്ജിയുടെ മുമ്പാകെ പ്രാഥമിക തെളിവെടുപ്പിനായി ഹാജരാക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാല്‍ അറസ്റ്റിനെക്കുറിച്ച് ചര്‍ച്ചയുണ്ടായപ്പോള്‍ തനിക്ക് ജയിലില്‍ പോകാന്‍ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021ലാണ് ഐസിസി ഡുട്ടെർട്ടെയ്ക്കെതിരായ അന്വേഷണം ആരംഭിക്കുന്നത്. 2011 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലെ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പീല്‍സില്‍ മൂന്ന്ദശലക്ഷത്തിലധികം മയക്കുമരുന്നിനടിമകള്‍ ഉണ്ടെന്നും അവരെ കൊല്ലുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അധികാരത്തിലേറിയപ്പോള്‍ ഡുട്ടേർട്ടെ പറഞ്ഞിരുന്നു.