കൊച്ചി കളമശ്ശേരി പോളി ടെക്നിക് കോളജിൽ ഹോളി ആഘോഷങ്ങൾക്കായി ശേഖരിച്ച 2 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പിടികൂടിയതാകട്ടെ, ക്യാംപസികത്തെ കോളജ് ഹോസ്റ്റലിൽ നിന്നും. ഇന്നലെ രാത്രി ഒൻപതരയ്ക്ക് ആരംഭിച്ച അഞ്ചുമണിക്കൂറിലേറെ നീണ്ട പരിശോധനയിലാണ് കളമശേരി സർക്കാർ പോളിടെക്നിക് കോളേജിന്‍റെ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. വൻ സന്നാഹത്തോടെയായിരുന്നു പൊലീസിന്‍റെ നീക്കം. പരിശോധനയെ പ്രതിരോധിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമിച്ചെങ്കിലും കഞ്ചാവ് കണ്ടെടുത്തതോടെ പ്രതിഷേധിച്ചവർ മടങ്ങി. രണ്ടു മുറികളിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്.
അലമാരയിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലേക്കു മാറ്റാനുള്ള സജ്ജീകരണങ്ങളും റൂമിലുണ്ടായിരുന്നു. ത്രാസും, പാക്കറ്റുകളും, മദ്യക്കുപ്പികളും മുറിയിൽ നിന്ന് പിടിച്ചെടുത്തു. മൂന്നു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ്, ഹരിപ്പാട് സ്വദേശി ആദിത്യൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ ആർ.അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസിലെ പ്രതി ആകാശിന്റെ മുറിയിൽ നിന്നാണ് 1.909 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. മുകൾനിലയിലുള്ള ആദിത്യന്റെയും അഭിരാജിന്റെയും മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവും ലഭിച്ചു. ഈ കേസിൽ ഇരുവർക്കും പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചു. പിടിയിലായിവർക്ക് കേസിൽ വ്യക്തമായി പങ്കുണ്ടെന്നും, കഞ്ചാവ് വില്‍പനയ്ക്കെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ രാഷ്ട്രീയ ആരോപണങ്ങളുമുയര്‍ന്നു. കഞ്ചാവ് കൊണ്ടു വച്ചത് കെഎസ്‌യു നേതാക്കളാണെന്നും, ഇവർ ഒളിവിൽ ആണെന്നും എസ്എഫ്ഐ ആരോപിച്ചു. ആരോപണം KSU നേതാക്കൾ നിഷേധിച്ചു. കഞ്ചാവ് പിടിച്ചെടുത്തപ്പോൾ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുടെ വാദം പൊലീസ് തള്ളിയതോടെ എസ്എഫ്ഐ പ്രതിരോധത്തിലുമായി. കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിൽ രണ്ടാമത്തെ കേസിലാണ് എസ്.എഫ്.ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ് പ്രതിയായിട്ടുള്ളത്. ചെറിയ അളവിലുള്ള ലഹരി ആയതിനാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് അഭിരാജിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ലഹരി പിടിച്ചെടുത്തപ്പോൾ താൻ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും, പൊലീസ് കുടുക്കുകയായിരുന്നുവെന്നും വികാരഭരിതനായി അഭിരാജ് പ്രതികരിച്ചത്. എന്നാൽ ഒളിവിൽ ആണെന്ന് ആരോപിക്കപ്പെട്ട കെഎസ്‌യു നേതാക്കളായ ആദിലും അനന്തുവും 10 മിനിറ്റിനകം ക്യാമ്പസിനുള്ളിൽ നിന്ന് പ്രതികരിച്ചതോടെ എസ്എഫ്ഐ വാദം പൊളിഞ്ഞു. വാദപ്രതിവാദങ്ങൾ തുടരുമ്പോഴും എവിടെ നിന്ന് കഞ്ചാവ് എത്തി എന്ന് കണ്ടെത്താനും, കൂടുതൽ അറസ്റ്റിനുള്ള നീക്കത്തിലാണ് പൊലീസ്.