ശ്വാസകോശസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും. 37 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് വിശ്രമം തുടരും.
ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടാഴ്ചയായി പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടനിലതരണം ചെയ്തശേഷം തുടര്‍ച്ചയായി പുരോഗതിയുണ്ടായതോടെയാണ് ആശുപത്രിവാസം അവസാനിപ്പിക്കുന്നത്.
പാപ്പയുടെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയില്‍ രണ്ട് മാസത്തേക്ക് ഓക്സിജന്‍ തെറപ്പി അടക്കം കാര്യങ്ങളില്‍ ഡോക്ടര്‍മാരുടെ പരിചരണം തുടരും. സമൂഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
വത്തിക്കാനിലേക്ക് മടങ്ങുംമുന്‍പ് ആശുപത്രി ജനാലയിലൂടെ മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കും. എണ്‍പത്തെട്ടുകാരനായ പാപ്പയ്ക്ക് ഇരട്ട ന്യുമോണിയ ബാധിച്ച് വെന്‍റിലേറ്റര്‍ സഹായമടക്കം നല്‍കിയിരുന്നു. അതീവഗുരുതരാവസ്ഥയിലൂടെയാണ് പാപ്പ കടന്നുപോയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ഓശാന ഞായര്‍ അടക്കം വിശുദ്ധവാര ചടങ്ങുകള്‍ക്ക് മാര്‍പാപ്പ പങ്കെടുക്കുമോയെന്ന് വത്തിക്കാന്‍ വ്യക്തമാക്കായിട്ടില്ല.