ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റിട്ട് ഇന്നേക്ക് 12 വര്‍ഷം. 2013 മാര്‍ച്ച് 13 നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. റോമിലെ ജെമെലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന ആശ്വാസത്തിലാണ് സഭ, സ്ഥാനാരോഹണത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്നത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിന് പിന്നാലെ സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നതാരായിരിക്കുമെന്ന ചോദ്യത്തിന് കോണ്‍ക്ലേവില്‍ കണ്ടെത്തിയ ഉത്തരമായിരുന്നു അര്‍ജന്‍റീനിയന്‍ കര്‍ദിനാള്‍ ജോർജ് മരിയോ ബെര്‍ഗോളിയോ. അതുവരെ കണ്ടുശീലിച്ച പേപ്പല്‍ കാഴ്ചകളില്‍ നിന്ന് മാറിനടക്കാന്‍ തീരുമാനിച്ചായിരുന്നു തുടക്കം. മുന്‍ഗാമികളുടെ പേരുകള്‍ സ്വീകരിക്കാതെ അസീസിയിലെ പരമനിസ്വനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പേര് സ്വീകരിച്ച് തുടക്കം. തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ബാല്‍ക്കണിയിലെത്തി വിശ്വാസികളെ ആശീര്‍വദിക്കും മുന്‍പ് ശിരസുകുനിച്ച് അനുഗ്രഹം തേടി. അവിടെ നിന്നിങ്ങോട്ട് സഭയിലും ലോകത്തും മാറ്റങ്ങളുടെ മേലാപ്പണിയാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നിട്ടിറങ്ങി. വത്തിക്കാന്‍ കുരിയയിലെ അഴിമതിയോടും സഭാഅധികാരികളുടെ ലൈഗിംകപീഡനക്കേസുകളോടും കാര്‍ക്കശ്യത്തോടെയുള്ള നടപടികള്‍, സഭ മുന്‍കാലങ്ങളില്‍ അകറ്റി നിര്‍ത്തിയ രാഷ്ട്രങ്ങളോടും തത്വശാസ്ത്രങ്ങളോടും പ്രകടിപ്പിച്ച അടുപ്പം. സ്വവര്‍ഗവിഭാഗക്കാരടക്കം ആരും അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്ന ഓര്‍മപ്പെടുത്തല്‍. അങ്ങനെ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെല്ലാം കത്തോലിക്കാ സഭയ്ക്കും ലോകത്തിനും സമ്മാനിക്കുകയായിരുന്നു കഴിഞ്ഞുപോയ ഒരു വ്യാഴവട്ടക്കാലം.