യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ ചര്‍ച്ച ചെയ്യുന്ന വാട്സാപ് ഗ്രൂപില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകനെ ചേര്‍ത്തതോടെ നീക്കം ചോര്‍ന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സ് രംഗത്തെത്തി. ഗ്രൂപ് നിര്‍മിച്ചത് താനാണെന്നും മൈക്ക് വ്യക്തമാക്കി.
സുരക്ഷാ ലംഘനത്തെ കുറിച്ച് യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൈക്ക് വാൾട്ട്സിന്റെ കുറ്റസമ്മതം. ഗ്രൂപില്‍ ചേർത്ത മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും മൈക്ക് പറയുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചത്.
ദ അറ്റ്ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ആണ് ഗ്രൂപില്‍ അബദ്ധത്തില്‍ ചേര്‍ക്കപ്പെട്ട ജെഫ്രി ഗോൾഡ്ബർഗ്. ഹൂതി പിസി സ്മോൾ ഗ്രൂപ്പ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾഡ്ബർഗ് പറയുന്നു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തിൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ഏകോപിപ്പിക്കുന്നതിന് ഒരു ടൈഗർ ടീമിനെ രൂപീകരിക്കാൻ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, പ്രിൻസിപ്പൽ ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്സ് നെൽസൻ വോങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ആരംഭിച്ചെന്നും ജെഫ്രി വെളിപ്പെടുത്തി. ഇത്തരത്തില്‍ ഗുരുതരമായ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് യുഎസ് ഭരണകൂടം.