TOPICS COVERED

ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി അപ്ഡേറ്റുകൾ പുറത്തിറക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്. ഓരോ അപ്‌ഡേറ്റ് പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ കാര്യങ്ങളിൽ വാട്സാപ് കൂടുതൽ ശ്രദ്ധ ചെലുത്തി വരുന്നു. ഇനി വാട്സ്ആപ്പിൽ, ഒരാൾക്ക് ഒരു ചിത്രമോ വീഡിയോയോ അയച്ചാൽ, ലഭിച്ചയാൾക്ക് അത് ഓട്ടോസേവ് ചെയ്യാൻ സാധിക്കില്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള ചാറ്റുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഈ ഫീച്ചർ കൊണ്ട് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഈ ഫീച്ചർ എനബിള്‍ ചെയ്താൽ, ചാറ്റുകളിൽ അയച്ച ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുന്നയാളുടെ ഗ്യാലറിയിൽ സ്വയം സേവ് ആകില്ല. ഫീച്ചർ ഓപ്ഷണലായിരിക്കും, ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ചാറ്റുകളിൽ എനബിള്‍ ചെയ്യാം. ഡിസപ്പിയറിങ് മെസേജിന് സമാനമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ചാറ്റ് തലത്തിൽ ഇത് പ്രവർത്തനരഹിതമാക്കാൻ ഒരു ഓപ്ഷൻ ഉണ്ട്, എന്നിരുന്നാലും അങ്ങനെ ചെയ്യുന്നത് മറ്റ് ഉപയോക്താവിനെ അറിയിക്കും.

ഈ ഫീച്ചർ, "അഡ്‍വാൻസ്ഡ് ചാറ്റ് പ്രൈവസി" എന്നൊരു വലിയ ഫീച്ചർ സെറ്റിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. ഇതിൽ ചാറ്റ് ഹിസ്റ്ററി എക്സ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണം ഉൾപ്പെടുന്നു. എന്നാൽ, ഈ ഫീച്ചർ ഇപ്പോഴും പരിമിതമായ പ്രവർത്തനം മാത്രമാണ് നൽകുന്നത്, കാരണം ഫോര്വേഡ് ചെയ്യലോ സ്‌ക്രീൻഷോട്ട് എടുക്കലോ തടയാനായി ഇതിൽ ഓപ്ഷനുകൾ ഇല്ല. എന്നാൽ, ഇതിൽ മെറ്റ എഐ ഇടപെടലിനെ നിയന്ത്രിക്കാനാവുന്ന കഴിവും ഉണ്ട്.

മുൻപ് ചില അക്കൗണ്ടുകളിൽ അയച്ച ചിത്രങ്ങൾ സ്വയം സേവ് ആകുന്ന ഓപ്ഷൻ ഉണ്ടായിരുന്നുവെങ്കിലും, പുതിയ അപ്‌ഡേറ്റ് ഈ പ്രശ്നം പരിഹരിക്കും. ഈ ഫീച്ചർ ഉപയോ​ഗത്തിൽ വരുന്നതോടുകൂടെ വാട്സാപ് കൂടുതൽ സുരക്ഷിതമാകും. പ്രമോഷണൽ മെസേജുകളെ കൊണ്ടുള്ള ആശങ്കകളെ മറികടക്കാൻ മറ്റൊരു നിർണായക അപ്ഡേറ്റുകൂടെ വാട്സാപ് പുറത്തുവിടുന്നുണ്ട്.  ബിസിനസ് ചാറ്റുകൾ കൂടുതൽ പ്രസക്തവും ഉപഭോക്തൃ സൗഹൃദവുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.സ്പാം മെസേജുകള്‍ കുറച്ച് ഉയര്‍ന്ന നിലവാരമുളളതും പേഴ്‌സണലൈസ്ഡുമായ മെസേജുകള്‍ അയയ്ക്കാന്‍ ബിസിനസുകളെ അത് പ്രേരിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് ബിസിനസുകള്‍ തങ്ങളുമായി ബന്ധപ്പെടുന്നത് നിയന്ത്രിക്കാനാകും. വെബ്‌സൈറ്റുകള്‍, സ്റ്റോറുകളിലെ സൈന്‍ അപ്പുകള്‍, അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി സന്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് സ്വയം തീരുമാനിക്കാം. ഇതുവഴി താല്‍പ്പര്യമുളള ഉപയോക്താക്കള്‍ക്കാണ് തങ്ങള്‍ സന്ദേശമയയ്ക്കുന്നതെന്ന് ബിസിനസുകള്‍ക്കും മനസിലാക്കാനാകും.

ബിസിനസ് അക്കൗണ്ടുകള്‍ ഏതൊക്കെയാണെന്ന സൂചന വാട്ട്‌സാപ്പ് വ്യക്തമാക്കി തരുന്നതുകൊണ്ടുതന്നെ താല്‍പ്പര്യമില്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനുളള കാരണവും ഉപഭോക്താക്കള്‍ക്ക് പങ്കുവയ്ക്കാം.  പുതിയ അപ്‌ഡേറ്റില്‍ വാട്ട്‌സാപ്പില്‍ വരുന്ന ബിസിനസ് മെസേജുകള്‍ക്ക് താഴെ Interested, Not Interested ബട്ടനുകള്‍ കാണാം സാധിക്കും. താല്‍പ്പര്യമില്ലാത്ത ബിസിനസുകള്‍ക്ക് Not Interested കൊടുത്ത് ഒഴിവാക്കാം.

ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മെസേജ് പെര്‍മിഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും കഴിയും. ഇത് അവര്‍ക്ക് ബിസിനസ് കമ്മ്യൂണിക്കേഷനുകളില്‍ പൂര്‍ണ നിയന്ത്രണം നല്‍കും.വാട്ട്‌സാപ്പ് ബിസിനസ് ആപ്പിലെ പുതിയ പെയ്ഡ് ഫീച്ചറാണിത്. അവരുടെ ടാര്‍ഗെറ്റെഡ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളയയ്ക്കാന്‍ ബിസിനസുകളെ സഹായിക്കുന്നു. സ്പാം മെസേജുകള്‍ക്ക് പകരം യഥാര്‍ത്ഥ ആവശ്യക്കാരിലേക്ക് എത്താന്‍ ഈ ഫീച്ചര്‍ സഹായകരമായിരിക്കും.

ഉപഭോക്താക്കള്‍ക്ക് പരമാവധി സ്വീകരിക്കാന്‍ കഴിയുന്ന പ്രമോഷണല്‍ മെസേജുകളുടെ എണ്ണം വാട്ട്‌സാപ്പ് ഇപ്പോള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് കമ്മ്യൂണിക്കേഷന്‍ അര്‍ത്ഥവത്തായതും ഉപയോഗപ്രദവുമായി തുടരാന്‍ സഹായിക്കുന്നു.ബിസിനസുകള്‍ വാട്ട്‌സാപ്പിന്റെ പ്രീ അപ്രൂവ്ഡ് മെസേജ് ടെംപ്ലേറ്റുകള്‍ ഉപയോഗിക്കുകയും മെസേജ് അയയ്ക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഗുണനിലവാരം വിലയിരുത്തുന്നതിനും ബിസിനസുകളെ അവരുടെ തന്ത്രങ്ങള്‍ പരിഷ്‌കരിക്കാന്‍ സഹായിക്കുന്നതിനുമായി മെറ്റ ഫീഡ്ബാക്കും റീഡ് റേറ്റ്‌സും നിരീക്ഷിക്കും. വാട്ട്‌സാപ്പ് പോളിസികള്‍ ലംഘിക്കുന്ന ബിസിനസുകള്‍ക്ക് ക്രമേണ മെജേസ് അയക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടാകും. ആവര്‍ത്തിച്ച് പോളിസി ലംഘിച്ചാല്‍ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തും.

ENGLISH SUMMARY:

With each update, WhatsApp has been paying more attention to security matters. Now, when someone sends an image or video on WhatsApp, the recipient will not be able to auto-save it. It is expected that this feature will ensure more transparency and security in chats between two individuals.