ഡെന്മാർക്കിലെ ഡ്യൂർസ്‌ലാന്റിലെ ലോഗ്റ്റൻ ബേയിലെ ഫോലെ സ്‌ട്രാന്റിലാണ് ചത്ത കൂനന്‍ തിമിംഗലം ( ഹംപാബാക് വെയ്ല്‍) അടിഞ്ഞത്. ഡെന്‍മാര്‍ക്ക് തീരത്ത് തിമിംഗലങ്ങള്‍ ധാരാളമുണ്ടെങ്കിലും ചത്ത് അടിയുന്ന പതിവില്ല. അതിനാല്‍ കാരണംതേടി അലയുകയാണ് സമുദ്രഗവേഷകര്‍. പരിസ്ഥിതി മലിനീകരണം മുതല്‍ തിമിംഗലവേട്ടവരെ കാരണങ്ങളാകാമെന്നാണ് വിലയിരുത്തല്‍.
വലിപ്പത്തില്‍ കേമന്‍
ഏറ്റവും ഊര്‍ജസ്വലരായി അറിയപ്പെടുന്നവയാണ് കൂനന്‍ തിമിംഗലങ്ങള്‍. മുതിർന്ന കൂനൻ തിമിംഗലങ്ങൾക്ക് 50 അടി വരെ നീളവും 40 ടൺ വരെ ഭാരവും ഉണ്ടാകും. സവിശേഷമായ തുഴകളും വാലുമാണ് പ്രത്യേകത. വണ്ണം കുറഞ്ഞ തലയും നീലത്തിമിംഗലത്തിന് സമാനമായ വലിയ സ്പ്ലാഷ്ഗാര്‍ഡും ഇവയ്ക്കുണ്ട്. നിറം നീല കലര്‍ന്ന കറുപ്പോ ഇരുണ്ട ചാരനിറമോ ആകാം. വലിയ തിമിംഗലങ്ങളുടെ ഗണത്തിലുള്ളതിനാല്‍ കടലില്‍ ഇവയെ സാധാരണ ധാരാളമായി കാണാന്‍ കഴിയും
കൂനന്‍ ചില്ലറക്കാരനല്ല
അച്ഛൻ ഡെൽ സിമാൻകസിനൊപ്പം കയാക്കിങ്ങിനു പോയ അഡ്രിയാൻ സിമാൻകസ് എന്ന ഇരുപത്തിനാലുകാരനെ വിഴുങ്ങിയശേഷം തുപ്പിക്കളഞ്ഞ് കൂനന്‍ തിമിംഗലം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട് അധികദിവസമായില്ല. ചിലെയിലെ പാറ്റഗോണിയ മേഖലയിലുള്ള മഗല്ലൻ കടലിടുക്കില്‍വച്ചായിരുന്നു ആക്രണം. തിമിംഗലം വഞ്ചിക്കരികിലെത്തി, അഡ്രിയാനെ വിഴുങ്ങി. പെട്ടെന്നുതന്നെ തുപ്പുകയും ചെയ്തു. കടലിൽ വീണ അഡ്രിയാനെ പിതാവ് സ്വന്തം നൗകയുമായി ചെന്ന് രക്ഷിച്ചു. സംഭവത്തിന്റെ വിഡിയോയും ഡെല്ലിന്റെ വഞ്ചിയിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ ലോകം കണ്ടു.