പ്രണയനൈരാശ്യം കാരണം പല കാമുകന്‍മാരും കാമുകിമാരോട് പ്രതികാരം ചെയ്യുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ തന്നെ ഉപേക്ഷിച്ച കാമുകിയോട് പ്രതികാരം ചെയ്യാന്‍ കാമുകിയുടെ കോഴിയെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് യുവാവ്. അമേരിക്കയിലെ വാഷിങ്ടണ്‍ കിറ്റ്‌സാപ് കൗണ്ടിയിലാണ് സംഭവം.
മാര്‍ച്ച് 29ന് മുന്‍കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ പോളി എന്ന് പേരുള്ള കോഴിയെ മോഷ്ടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില്‍ കോഴിയുമായി ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഇയാളെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പിടികൂടുന്ന സമയത്ത് പ്രതി കരയുകയും കോഴി തന്‍റെതാണെന്നും അതിനെ ഒന്നും ചെയ്യരുതെന്നും പറയുന്നുണ്ട്. കോഴിയെ കൈമാറും മുന്‍പ് ഇയാള്‍ കോഴിയെ ചുംബിക്കുന്നുമുണ്ട്. പ്രതിയെ അനുനയിപ്പിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുന്നതും വിഡിയോയില്‍ കാണാം. സുരക്ഷാനിയമ ലംഘനത്തിനും മോഷണം നടത്തിയതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.