യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവ ഇന്ന് നിലവില്‍ വരും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയതോടെ യുഎസ് ഓഹരിവിപണി വീണ്ടും ഇടിഞ്ഞു. താരിഫ് ചര്‍ച്ചകള്‍ക്ക് 70 രാജ്യങ്ങള്‍ തയാറായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതിയുള്ള എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ ഈ മാസം മൂന്നിന് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയാണ് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെ നിലവില്‍ വരുന്നത്. അമേരിക്കന്‍ ഉള്‍പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കിയാല്‍ മാത്രം സമവായമെന്നായിരുന്നു ട്രംപിന്റെ നിലപാട്.
ഇസ്രയേലടക്കം അപൂര്‍വം രാജ്യങ്ങളാണ് അധികതീരുവ ഒഴിവാക്കിയത്. എഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികള്‍ തീരുവ കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളില്‍ ലീവിറ്റ് പറഞ്ഞു. വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് തയാറെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിനും ട്രംപ് നിലവില്‍ ഇളവ് നല്‍കിയിട്ടില്ല.
ഇലക്ട്രോണിക്, ജെം, ജുവലറി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇന്ത്യയ്ക്ക് പ്രധാന തിരിച്ചടി. അതേസമയം, ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 104 ശതമാനം അധികത്തീരുവയും ഇന്ന് പ്രാബല്യത്തില്‍ വരും. ഇതിനോട് ചൈന എങ്ങിനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.