ശവസംസ്കാരച്ചടങ്ങിനെത്തിയവര്‍ കുഴിമാടത്തിനുമുകളിലെ തടിത്തട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ശവമഞ്ചത്തിനൊപ്പം കുഴിയില്‍ വീണു. പിതാവിന്‍റെ വിയോഗത്തില്‍ വേദനിച്ചു നിന്ന മക്കളും ഇവരില്‍പ്പെടുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താചാനലുകളിലൂടെയും പ്രചരിക്കുകയാണ്.
ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മരിച്ച ബെഞ്ചമിന്‍ അവേല്‍സിന്‍റെ സംസ്കാരച്ചടങ്ങിനിടെയാണ് കുടുംബത്തിനു ഇത്തരമൊരു ദുരന്തം നേരിടേണ്ടിവന്നത്. പെൻസില്‍വാനിയയിലെ ഗ്രീൻ മൗണ്ട് സെമിത്തേരിയിലാണ് സംസ്കാരം നടത്താന്‍ തീരുമാനിച്ചിരുന്നത്. പിതാവിന്റെ മൃതദേഹവുമായി ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ നടന്നുവരുന്നതും പിന്നാലെ മൃതദേഹം കുഴിയിലേക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെ ശവമഞ്ചം പിടിച്ചവരെല്ലാവരും കുഴിയിലേക്ക് വീഴുന്നതും വിഡിയോയില്‍ വ്യക്തമാണ്. തീര്‍ത്തും അപ്രതീക്ഷിതമായ സംഭവം കണ്ടുനിന്നവരെയും ഞെട്ടിക്കുന്നതായിരുന്നു.
കുഴിയുടെ മുകള്‍ഭാഗം തടിയില്‍ നിര്‍മിച്ചതായിരുന്നു. അപകടത്തില്‍ ചിലര്‍ക്ക് തലയ്ക്കും നട്ടെല്ലിനും കൈയ്ക്കും കാലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ച ബെഞ്ചമിന്റെ മകന്‍ ശവമഞ്ചത്തിന്റെ അടിയില്‍പ്പെട്ടുപോയി. തല മണ്ണിനടിയിലായതായും കുഴിയുടെ മുകളിലെ മരപ്പലകകള്‍ നനഞ്ഞതായിരുന്നുവെന്നും കുടുംബം പറയുന്നു. പിതാവിന്റെ സംസ്കാരം വേണ്ടരീതിയില്‍ നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സെമിത്തേരി അധികൃതര്‍ക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തി.