ഡോളര്‍ ശക്തിപ്രാപിച്ചതോടെ ഗള്‍ഫ് കറന്‍സികളും രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ പ്രവാസികള്‍ക്ക് നേട്ടം. വിനിമയ നിരക്കിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികൾ. യു.എ.ഇ ദിര്‍ഹത്തിന് പതിനെട്ടു രൂപ എഴുപത്തിമൂന്ന് പൈസയാണ് ഇന്ന് ലഭിച്ച മികച്ച നിരക്ക്. 

 

രാജ്യാന്തര വിപണിയില്‍ ഡോളറിന് 68 രൂപ 84 പൈസ വരെ എത്തിയത് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കിലും പ്രതിഫലിച്ചു. ഇതനുസരിച്ച് ഒരു ദിര്‍ഹത്തിന് 18 രൂപ 74 പൈസയാണ് രാജ്യാന്തര നിരക്ക്. യു.എ.ഇയില്‍ 53 ദിര്‍ഹം 39 ഫില്‍സ് നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും.

സൌദി റിയാലിന് 18 ദിര്‍ഹം 35 പൈസയും ഖത്തര്‍ റിയാലിന് 18 രൂപ 90 പൈസയുമാണ് മൂല്യം. കുവൈത്ത് ദിനാറിന് 227 രൂപ 24 പൈസയുണ്ട്.  ഒമാന്‍ റിയാൽ 178 രൂപ 82 പൈസ നിരക്കിലെത്തിയപ്പോൾ ബഹ്റൈന്‍ ദിനാർ 181 രൂപ 84 പൈസ നിരക്കിലെത്തി. മെച്ചപ്പെട്ട നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയവരുടെ തിരക്കാണ് ഗള്‍ഫിലെ പണമിടപാട് സ്ഥാപനങ്ങളില്‍. വരും ദിവസങ്ങളില്‍ നിരക്ക് വർധിക്കുന്നതോടെ പണമിടപാടും വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം അനുസരിച്ച് ദിര്‍ഹം-രൂപ വിനിമയ നിരക്ക് 19ലേക്ക് ഉയരുന്നത് കാത്തിരിക്കുന്നവരും ധാരാളമുണ്ട്.