യുഎഇയിൽ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താനുള്ള അനുമതി മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രം. ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവർ ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എൽഎൽസിയാണ് യുഎഇയിലെ ഔദ്യോഗിക ലോട്ടറി ഓപ്പറേറ്റർ. ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസ് ലഭിച്ച ഏക സ്ഥാപനം. ഇതോടൊപ്പം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിഗ് ടിക്കറ്റിനും ദുബായ് ഡ്യൂട്ടി ഫ്രീ എയർപോർട്ട് ലോട്ടറിക്കും അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്.
മറ്റുളള ലോട്ടറികൾ പ്രവർത്തനം നിർത്തണമെന്നും അടച്ചുപൂട്ടണമെന്നുമാണ് നിർദേശം. ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർമാരെക്കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട് പുറത്തിറക്കിയ നോട്ടീസിലാണ് അതോറിറ്റി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നവംബറിൽ പുറത്തിയ യുഎഇയുടെ ഔദ്യോഗിക ലോട്ടറിയുടെ 100 മില്യൺ ദിർഹത്തിന്റെ ജാക്പോട്ടാണ് പ്രധാന ആകർഷണം. വരുന്ന പതിനാലിനാണ് നറുക്കെടുപ്പ്.