ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ അടച്ച സാഹചര്യത്തിൽ അൽ മക്തും വിമാനത്താവളത്തിലേക്കു സൗജന്യ ബസ് സർവീസ്. ദുബായ് വിമാനത്താവളത്തിലെ ചില സർവീസുകൾ അൽ മക്തും വിമാനത്താവളത്തിലേക്കു മാറ്റിയതിനാലാണിത്.  അടുത്ത മാസം മുപ്പതുവരെ ഈ സൌകര്യമുണ്ടാകും.

 

ദുബായ് വിമാനത്താവളത്തിലെ തെക്കൻ റൺവേ അടച്ചതോടെ 145 സർവീസുകളാണ് അൽ മക്തും വിമാനത്താവളത്തിലേക്കു മാറ്റിയത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് വിമാനത്താവളവും ആർടിഎയും സഹകരിച്ച് സൌജന്യ ബസ് സർവീസ് ഒരുക്കുന്നത്. ടെർമിനൽ 1,2,3 എന്നിവിടങ്ങളിൽ നിന്നും മുപ്പതു മിനിട്ടു ഇടവിട്ടു സർവീസുണ്ടാകും. ടെർമിനൽ ഒന്നിലും മൂന്നിലും ഡിപാർചർ മേഖലയിൽ നിന്നായിരിക്കും ബസ് പുറപ്പെടുക. ടെർമിനൽ രണ്ടിൽ ഡിപാർചർ, അറൈവൽ ഭാഗത്തുനിന്ന് ഹോട്ടൽ, ആർടിഎ ബസുകൾ ലഭ്യമാകും. വിമാനത്താവളത്തിനു പുറത്തു മെട്രോ സ്റ്റേഷനുകളുടെ സമീപത്തു നിന്നും ഒരോ മണിക്കൂറിലും ബസ് സർവീസുണ്ടാകും. സത് വ സ്റ്റേഷനിൽ നിന്നു തുടങ്ങി ബിസിനസ് ബേ, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻബത്തൂത്ത മെട്രോ സ്റ്റേഷനുകൾ വഴി അൽ മക്തൂം വിമാനത്താവളത്തിലെത്താം. അബുഹെയ്ൽ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് യൂണിയൻ, ബിസിനസ് ബേ, മാൾ ഒാഫ് ദി എമിറേറ്റ്സ്, ഇബ്ൻബത്തൂത്ത സ്റ്റേഷൻ വഴിയുള്ള സർവീസാണ് അടുത്തത്. അൽ മക്തൂം വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ സൌകര്യാർഥം കുറഞ്ഞനിരക്കിൽ ടാക്സി സൌകര്യവും ഒരുക്കിയിട്ടുണ്ട്. 5 ദിർഹമാണു മിനിമം നിരക്ക്. എയർപോർട്ട് ടാക്സിക്ക് നിലവിൽ  25 ദിർഹമാണ് മിനിമം യാത്രാനിരക്ക്. ഷെയർ ടാക്സി സൌകര്യവും ഉപയോഗപ്പെടുത്താം.