ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്കായി ദുബായിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. തിരക്ക് കണക്കിലെടുത്ത് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു.
ദുബായിൽ ശൈത്യം തുടങ്ങിയതോടെ വിനോദസഞ്ചാര സീസണും തുടക്കമായി. ക്രിസ്മസ് അവധി കൂടി തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കാണ്. ഓരോ ദിവസവും വിമാനത്താവളങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ദുബായിലെത്തുന്നവരുടെ യാത്രാ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. വകുപ്പ്മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
എല്ലാ യാത്രക്കാർക്കും മികച്ച സേവനം നൽകാൻ ദുബായ് ജിഡിആർഎഫ്എ പൂർണമായും സജ്ജമാണെന്ന് ലഫ്: ജനറൽ പറഞ്ഞു . യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ കാണിക്കുന്ന വലിയ ശ്രമങ്ങളെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകം അഭിനന്ദിച്ചു. ഈമാസം 13 മുതൽ അവസാനം വരെ 52 ലക്ഷത്തിലധികം ആളുകൾ ദുബായ് വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.