workers-02

ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും.

 

വീട്ടുജോലിക്കാരടക്കം പ്രവാസികളായ തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. ഖത്തർ ഭരണാധികാരി ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ച പുതിയ നിയമഭേദഗതിപ്രകാരം എല്ലാ പ്രവാസിതൊഴിലാളികളുടേയും മിനിമം വേതനം ആയിരം റിയാലായിരിക്കും. അതായത് 20,000 ഇന്ത്യൻ രൂപ. തൊഴിലാളിക്ക് തൊഴിലുടമ ഭക്ഷണവും താമസവും നല്‍കിയില്ലെങ്കില്‍ താമസത്തിന് പ്രതിമാസം 500 റിയാലും ഭക്ഷണത്തിന് 300 റിയാലും ഉൾപ്പെടെ 1800 റിയാൽ നൽകണമെന്നും നിയമം അനുശാസിക്കുന്നു. 

 

2020 ലെ 18-ാം നമ്പര്‍ നിയമ പ്രകാരം തൊഴില്‍ മാറ്റത്തിനായി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സർട്ടിഫിക്കറ്റ് (എൻഒസി) ഹാജരാക്കേണ്ടതില്ല. വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റികളും രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.