വിമതസേന പിടിച്ചെടുത്ത സിറിയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി. മുസ്‍ലിം ഭൂരിപക്ഷരാജ്യമെങ്കിലും എല്ലാ ജനങ്ങൾക്കും, മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പുനൽകുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ പറഞ്ഞു. വിദേശത്തുകഴിയുന്ന പൗരരോട് മടങ്ങിവരാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേൽ നിയമവിരുദ്ധമായി കൂട്ടിച്ചേർത്ത ഗോലാൻ കുന്നുകളിലെ കരുതൽമേഖല കൈയടക്കിയതിനെ റഷ്യ പഴിച്ചു. ഇത് മേഖലിലെ സംഘര്‍ഷങ്ങള്‍ കുടുതല്‍ വര്‍ധിപ്പിക്കും. അതിനിടെ അധിനിവേശഭൂമി സിറിയയിലെ ധീരരായ യുവാക്കളാൽ സ്വതന്ത്രമാക്കപ്പെടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി പറഞ്ഞു.
സിറിയ എത്രയും വേഗം സമാധാനത്തിലേക്ക് മടങ്ങാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ബാഷർ അൽ അസദ് സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ സിറിയയിൽ ആക്രമണം ശക്തമാക്കിയ ഇസ്രയേലിനെ ദിമിത്രി കുറ്റപ്പെടുത്തി. സിറിയയിൽ പുതിയ സ്ഥാനപതികാര്യാലയം തുറക്കുമെന്ന് ഖത്തർ അറിയിച്ചു. സിറിയക്ക് ഏകദേശം 71 കോടി രൂപ അധിക സഹായം ലഭ്യമാക്കുമെന്ന് ജർമനിയും പ്രഖ്യാപിച്ചു.
Also Read; റഹീമിന്‍റെ മോചനത്തില്‍ തീരുമാനമായില്ല; കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവച്ചു
ബാഷർ അൽ അസദിന്റെ ഭരണകൂടത്തിനുകീഴിൽ തടവുകാർ കൊടിയപീഡനം നേരിട്ട ജയിലുകൾ പൂട്ടുമെന്ന് വിമതനേതാവ് അബു മുഹമ്മദ് അൽ ജൊലാനി പ്രഖ്യാപിച്ചു. തടവുകാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരെ വേട്ടയാടുമെന്നും മുൻ ഭരണകൂടത്തിനുകീഴിൽ പ്രവർത്തിച്ചിരുന്ന സുരക്ഷാസേനകളെയെല്ലാം പിരിച്ചുവിടുമെന്നും ജൊലാനി പറഞ്ഞു.
24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യം കുറിച്ചാണ് അല്‍ ഖായിദയുടെ ഉപസംഘടനയായ ഹയാത്ത് തഹ്‍രീര്‍ അല്‍ ഷംസ് എന്ന പേരിലുള്ള വിമതസേന സിറിയ പിടിച്ചത്. വടക്കുകിഴക്കന്‍ നഗരമായ അലപ്പോ, മധ്യമേഖലയിലെ ഹമ, ഹുംസ് എന്നിവ പിടിച്ചടക്കിയ ശേഷമാണ് വിമതര്‍ ഡമാസ്കസിലേക്ക് കടന്നത്. വിമതമുന്നേറ്റം ഭയന്ന് ഔദ്യോഗിക സൈന്യ രക്ഷപെട്ടതിനാല്‍ തലസ്ഥാനനഗരിയില്‍ ചെറുത്തുനില്‍പ്പില്ലായിരുന്നു. പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദ് രാജ്യത്തുനിന്ന് വിമാനമാര്‍ഗം രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.