new-dubai-old

നാലു പതിറ്റാണ്ട് കാലം ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജന ആവശ്യം ഒടുവിൽ അധികൃതർ അംഗീകരിച്ചു. നഗരചിത്രങ്ങളിൽ നിറഞ്ഞു നിന്ന ബോർഡ് കാലാവധി കഴിഞ്ഞതോടെ അഴിച്ചു മാറ്റിയതാണ് നഗരവാസികളെ വിഷമിപ്പിച്ചത്. ആദ്യം കെട്ടിട നിർമാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു.

 

അങ്ങനെ പൊതുജന അഭിപ്രായം മാനിച്ചാണ് ബോർഡ് പുനഃസ്ഥാപിച്ചത്. ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല പാർപ്പിട സമുച്ചയമായ നാസർ റാഷിദ് ലൂട്ടാ ബിൽഡിങ്ങിനു മുകളിൽ 1981ൽ സ്ഥാപിച്ച ടൊയോട്ട കമ്പനിയുടെ പരസ്യ ബോർഡാണ് പുനഃസ്ഥാപിച്ചത്. കെട്ടിടത്തിൽ സ്ഥാപനത്തിന്റെ ഷോറൂമോ സർവീസ് സെന്ററോ ഇല്ലാതിരുന്നിട്ടും ആ പാർപ്പിട സമുച്ചയം വാഹന കമ്പനിയുടെ പേരിലാണ് അറിയിപ്പെട്ടത്.

 

ദുബായ് നഗരത്തിന്റെ ചിത്രങ്ങളിലെല്ലാം ഈ കെട്ടിടവും ബോർഡും തിളങ്ങി നിന്നിരുന്നു. പരസ്യക്കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2018ൽ ആണ് അഴിച്ചത്. നഗരത്തിന്റെ മുഖം നഷ്ടപ്പെട്ടപോലെ തോന്നിയെന്നാണ് പഴയ തലമുറയിൽപ്പെട്ടവർ പറയുന്നത്. കെട്ടിടത്തിനു മുകളിലെ ബോർഡ് ദുബായിയുടെ പ്രതീകമായിരുന്നെന്നും അവർ പറഞ്ഞു.

 

ബുർജ് ഖലീഫയൊക്കെ പ്രതീകമാകുന്നതിന് എത്രയോ നാൾ മുൻപേ ഈ ബോർഡ് നഗരത്തിനു മുഖം നൽകി. ജനങ്ങളുടെ ആവശ്യത്തന് ശക്തി കൂടിയതോടെയാണ് ബോർഡ് പുനഃസ്ഥാപിക്കാൻ കെട്ടിട നിർമാതാക്കളും പരസ്യ കമ്പനിയും തീരുമാനിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലും പരസ്യ ബോർഡ് വീണ്ടും ഉയരത്തിൽ തെളിഞ്ഞു കഴിഞ്ഞു.