TAGS

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കു ചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ റിങ് സ്ഥാപിക്കാൻ പദ്ധതി. 'ഡൌൺടൌൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് ആർക്കിടെക്ചർ സ്ഥാപനമായ സ്നെറ സ്പേസ് വിഭാവനം ചെയ്യുന്നത്. 

 

സ്കൈ പാർക്ക്, ജലാശയം, വെള്ളച്ചാട്ടം, തുടങ്ങിയവ ഉൾക്കൊള്ളുന്ന വിസ്മയലോകമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടുകളും  പൊതുസ്ഥലങ്ങളും വാണിജ്യ- സാംസ്കാരിക കേന്ദ്രങ്ങളും ഉൾപ്പെടും. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. അഞ്ചുനിലകളായിട്ടായിരിക്കും നിർമാണം.  പോഡുകൾ ഉപയോഗിച്ചായിരിക്കും യാത്ര.   828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൌൺടൌണിനു മുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്. സ്നെറ സ്പേസ്   2 വർഷം മുൻപ് തയാറാക്കിയ രൂപരേഖയാണെങ്കിലും ഇപ്പോഴാണ് പുറത്തുവിടുന്നത്.  സൌരോർജത്തിലായിരിക്കും പ്രവർത്തനം.  കാർബൺ മലിനീകരണമുണ്ടാകില്ല. ഏറ്റവും നൂതന മാതൃകയും സാങ്കേതികവിദ്യകളുമുള്ള ഉല്ലാസകേന്ദ്രമാണു ലക്ഷ്യമിടുന്നതെന്നും സ്നെറ സ്പേസ് വ്യക്തമാക്കി. സൌദി നിയോം നഗരത്തിലെ ദ് ലൈൻ പദ്ധതിക്കു സമാനമായ സംവിധാനങ്ങളുണ്ടാകുമെന്നാണ് സൂചന.