അബുദാബി: യുഎഇയിലെ ബാങ്കുകളിലും സ്വദേശിവൽക്കരണം നടപ്പിലായി. 6 മാസത്തിനിടെ 841 പേർക്കു നിയമനം നൽകിയതിൽ ഭൂരിപക്ഷവും സ്വദേശികളാണ്. 782 പേർക്ക് ദേശീയ ബാങ്കുകളിലും 59 പേർക്കു വിദേശ ബാങ്കുകളിലുമാണ് ജോലി ലഭിച്ചതെന്നു യുഎഇ സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കുറഞ്ഞ ശേഷം, ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 34,332 ആയി ഉയർത്തിയിരുന്നു
ഒരു വർഷത്തിനിടെ ആയിരത്തോളം പേരെയാണ് ജോലിക്കെടുത്തത്. ഘട്ടംഘട്ടമായി ബാങ്ക് ജീവനക്കാരുടെ എണ്ണം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കുകളിൽ നിന്ന് വായ്പ അനുവദിക്കുന്നതും വർധിച്ചു. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 1,700 കോടി ദിർഹം വായ്പയായി ബാങ്കുകൾ നൽകി. 2017 മുതൽ താരതമ്യം ചെയ്താൽ ഏറ്റവും ഉയർന്ന വായ്പാ തുകയാണിത്. യുഎഇയിലെ ബാങ്കുകളിൽ സുപ്രധാന പദവികളിൽ 23.7 ശതമാനവും ഇപ്പോൾ സ്വദേശികളാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉയർന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ എണ്ണത്തിൽ 16.7% വളർച്ചയുണ്ടായി. യുഎഇ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലാണു ധനവിനിമയ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം പുരോഗമിക്കുന്നത്. ബാങ്കുകളുടെ പ്രതിവർഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു നിയമന നിർദേശങ്ങൾ നിശ്ചയിക്കുക. വരും ദിവസങ്ങളിൽ ഇൻഷുറൻസ് സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ തുടങ്ങും.