ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിൽക്കുന്ന നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പ്രവാസികൾക്ക് നഷ്ടമായത്. ഇറാഖിൽ കുടുങ്ങിയ മലയാളി നഴ്സുമാരുടെയും സൗദിയിൽ വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന മലയാളി യുവാവിന്റെ മോചനത്തിനും വഴിവച്ചത് ഉമ്മൻചാണ്ടിയുടെ ശ്രമങ്ങളാണ്. പ്രവാസികൾക്കായി എയർ കേരള പ്രഖ്യാപിച്ചതും പ്രവാസലോകത്ത് ആദ്യമായി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചതും ഉമ്മൻചാണ്ടിയാണ്.
നാട്ടിലെ പോലെ തന്നെ പ്രവാസലോകത്തും ജനകൂട്ടത്തിന് നടുവിലായിരുന്നു ഉമ്മൻചാണ്ടി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സദാകർമനിരതൻ. കേരളത്തിന് പുറമെ ഷാർജയിലും ജനസമ്പർക്കപരിപാടി സംഘടിപ്പിച്ചതും അതുകൊണ്ട് തന്നെ. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അന്ന് ഉമ്മൻചാണ്ടിയെകാണാൻ ആയിരങ്ങളാണ് എത്തിയത്.
തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ചെവിയോർത്ത് സോനാപൂർ ലേബർ ക്യാംപിൾ അദ്ദേഹം പലതവണയെത്തി. പ്രവാസികൾക്കായി എയർ കേരള പ്രഖ്യാപിച്ചതും ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിഞ്ഞതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ഗൾഫിലെ ഭരണനേതൃത്വങ്ങളുമായി എന്നും അടുപ്പും കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ കേരള മുഖ്യമന്ത്രിയാണ്.
സൗദിയിൽ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി സക്കീർ ഹുസൈൻ മോചനത്തിന് വഴിവച്ചത് ഉമ്മൻചാണ്ടിയുടെ ഇടപെടലാണ്. തിക്രിതിൽ ഭീകരാക്രമത്തിനിടെ അകപ്പെട്ട മലയാളി നഴ്സുമാരെ രക്ഷിക്കാൻ ഡൽഹിയിൽ ക്യാംപ് ചെയ്താണ് അദ്ദേഹം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ മികച്ച പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ഏറ്റുവാങ്ങിയത് ബഹ്റൈനിൽവച്ചാണ് . ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഏത് പ്രതിസന്ധിയിലും ഒരുവിളിപാടകലെയുണ്ടായിരുന്ന നേതാവിനെയാണ് പ്രവാസലോകത്തിന് നഷ്ടമായത്.