TAGS

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി സെപ്റ്റംബര്‍ ഒന്നിന് ഭൂമിയിലേക്ക് മടങ്ങും. സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും നെയാദിയുടെ മടക്കയാത്ര. മൂന്ന് സഹപ്രവർത്തകരും നെയാദിയെ ഭൂമിയിലേക്ക് അനുഗമിക്കും. 'എൻഡവർ' എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. പേടകത്തിന്‍റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. . ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് തയ്യാറെടുക്കുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ ചരിത്രവും നെയാദിയുടെ പേരിലാണ്.