TOPICS COVERED

യുഎഇയുടെ പൈതൃകവും പഴയമയുമെല്ലാം വേറിട്ട രീതിയിൽ കാൻവാസിലേക്ക് പകർത്തി ചിത്രരചനയിൽ പുതിയ ട്രെൻഡ് ഒരിക്കിയിരിക്കുകയാണ് മലയാളി കലാകാരൻ. ഷാർജയിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശി അബു കെ. മുഹമ്മദാണ് കാർഡ്ബോർഡ് കഷ്ണങ്ങളും പെയ്ന്റും ഉപയോഗിച്ച് കാൻവാസിൽ വിസ്മയം തീർക്കുന്നത്. 

യുഎഇയുടെ പല കോണുകളിലും ഇപ്പോഴുമുണ്ട് പൈതൃകവും ഭൂതകാലവുമെല്ലാം ഓർമപ്പെടുത്തുന്ന ഇത്തരം കെട്ടിടങ്ങൾ. അവയെ തനിമ ചോർന്നുപോകാതെ തന്റെതായ ശൈലിയിൽ അവതരിപ്പിക്കുകയാണ് അബു കെ. മുഹമ്മദ്. മൂന്ന് വർഷം മുൻപാണ് അബു ഇത്തരത്തിലുള്ള ചിത്രരചനയിലേക്ക് കടന്നത്. ഷാർജയിലെ എക്സിബിഷനിൽ പ്രദർശനത്തിന് വച്ചതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെപേരാണ് വീടിന് അലങ്കാരമായി അലിയുടെ വേറിട്ട ചിത്രങ്ങൾ തേടിയെത്തുന്നത്. ആവശ്യക്കാരിലേറെയും എമറാത്തികളാണ്.

യാത്രകളിൽ കണ്ട കെട്ടിടങ്ങളിൽ സ്വന്തം ഭാവനകൂടി ചേർത്താണ് അബുവിൻറെ വരകൾ.  പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളായതിനായി നന്നായി ഗവേഷണം നടത്താറുണ്ടെന്നും അബു.  അക്രലിക്കിലാണ് അധികവും വരയ്ക്കുന്നത്. എന്നാൽ അബുവിന് പ്രിയം വാട്ടർകളറാണ്. വാട്ടർ കളറിൽ വരച്ച പോട്ട്റേറ്റുകളിൽ ജീവന്റെ തുടിപ്പ് കാണാം. ക്ലാവ് പിടിച്ചതുപോലുള്ള നിറങ്ങളാണ് ചിത്രങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. തുരുമ്പിൽ നിന്ന് നിറമെടുത്തും വരയ്ക്കാറുണ്ട്.

പതിനാറ് വർഷമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിട്ടേജിലെ സ്റ്റോറി ബോർഡ് ആർടിസ്റ്റാണ് അബു. ജോലി തിരക്കിനിടയിലും ഇത്തരം പരീക്ഷണങ്ങൾ നടത്താൻ കഴിയുന്നത് മാനേജർ അബ്ദുൽ അസീസ് മുസ്സലത്തിന്റെ പിന്തുണ ഒന്നുകൊണ്ടാണെന്നും അബു പറഞ്ഞു.  ഒരിക്കൽ വരച്ച ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ചിത്രം പിന്നീട് ഷാർജയിലെ മുക്കിലും മൂലയിലും വലിയ ഹോർഡിങ്ങുകളായി പ്രത്യക്ഷപ്പെട്ടത് ഇന്നും മധുരമുള്ള ഓർമയാണ് അബുവിന്.

കുന്നംകുളത്തെ ഫൈൻ ആർട്സ് കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയശേഷം  യുഎഇയിലേക്ക് വിമാനം കയറിയതാണ് അബു . ഇപ്പോ മൂന്നര പതിറ്റാണ്ടിലേറെയായി യുഎഇയിലെത്തിയിട്ട്. രണ്ട് പെൺമക്കളിൽ മൂത്തയാളാണ് അബുവിന്റെ ചിത്രങ്ങളുടെ മാർക്കറ്റിങ്ങും വിൽപനയും മറ്റും നോക്കി നടത്തുന്നത്. ചിത്രങ്ങൾ ആവശ്യമുള്ളവർക്ക് വാങ്ങാൻ  ഹിപ്സ് ആർട് എന്ന പേരിൽ വെബ്സൈറ്റും നടത്തുന്നുണ്ട് അബു.  

ENGLISH SUMMARY:

Mallu settled in UAE making wonders in canvas