അറബിയിൽ വിദേശപദങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനെയും കൂട്ടിച്ചേർക്കുന്നതിനെയും എതിർത്ത് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇത്തരം പ്രവണത വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്തമാസം രണ്ടിന് കെയ്റോയിൽ നടക്കുന്ന അറബിക് ലാംഗ്വേജ് അക്കാദമി കോൺഫ്രൻസിൽ ഇക്കാര്യം ചർച്ച ചെയ്യാനായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രൻഡ് എന്ന വാക്കുൾപ്പെടെ കഴിഞ്ഞ നാല് വർഷമായി റജിസ്റ്റർ ചെയ്ത പദങ്ങൾക്ക് അംഗീകാരം നൽകുന്നത് പുനപരിശോധിക്കും.
അറബി ഭാഷയിൽ മാറ്റങ്ങൾ വരുത്തുന്നത് വെല്ലുവിളിയാണെന്നും ആരും അതിന് ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബിയിൽ വിദേശപദങ്ങൾ ഉപയോഗിക്കുന്നത് കൂടിവരികായണെന്നും പലരും അത് ഭാഷയുടെ ഭാഗമാണെന്ന് കരുതിയാണ് ഇപ്പോൾ ഉപയോഗിച്ച് പോരുന്നതെന്നും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ട്രൻഡ് എന്ന വാക്കിന് പകരം അറബ് പദങ്ങളും അദ്ദേഹം നിർദേശിച്ചു.