jeddhah-tower

ജിദ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി അറിയിച്ചു. ആയിരം മീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവ‍ർ കെട്ടിടം ഉയരുന്നത്.  നിർമാണം പൂർത്തിയാക്കാനുള്ള കരാറിനായി ഈ വർഷം അവസാനത്തോടെ ലേലം വിളിക്കാൻ കരാറുകാരെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. ബിഡ് തയ്യാറാക്കാൻ മൂന്നുമാസത്തെ സമയമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നത്.  കരാറുകാർ സ്ഥലം സന്ദർശിച്ചതായാണ് വിവരം.

 

നി‍ർമാണം പൂർത്തിയായാൽ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ റെക്കോർഡാണ് ജിദ്ദ ടവ‍ർ മറികടക്കുക.  828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വികസിപ്പിക്കുന്നത്.

 

ജിദ്ദ ടവറിലെ താമസ സമുച്ചയത്തിൽ രണ്ട് മുതൽ ആറ് കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നീസ് കോർട്ട്  തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഭാഗം പണി പൂർത്തിയായി കഴിഞ്ഞു.  50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.  

 

Saudi: World’s tallest building Jeddah Tower construction works resume