ഷാർജയിൽ 400 കിലോ ഭാരമുള്ള യുവതിയെ അടിയന്തര വൈദ്യസഹായത്തിനായി അഞ്ചാം നിലയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. നാൽപത്തിയെട്ടുകാരിയായ എമറാത്തി വനിതയെയാണ് രാത്രി പ്രത്യേക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ഷാർജ അഗ്നിശമനസേനയും, ദേശീയ ആംബുലൻസ്, ഷാർജ പൊലീസ് ആംബുലൻസ്, ദുബായ് ആംബുലൻസ് എന്നിവയുൾപ്പെട്ട പ്രഫഷണൽ സംഘാംഗങ്ങളും ചേർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്
ഹൃദ്രോഗവും ശ്വാസതടവുമായി അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തിലാണ് കുടുംബം ഷാർജ സിവിൽ ഡിഫൻസിന്റെ സഹായം തേടിയത്. ദേശീയ ആംബുലൻസ് സർവീസ് ഉടനെ ഫ്ലാറ്റിലെത്തിയെങ്കിലും യുവതിയുടെ അമിതഭാരംമൂലം പുറത്തിറക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഷാർജ അഗ്നിശമനസേന ഉൾപ്പെടെ മറ്റ് സംഘങ്ങളുടെ സഹായം തേടിയത്. അഗ്നിശമനസേനയും ദേശീയ ആംബുലൻസ് സംഘവും ഷാർജ ആംബുലൻസ് സംഘവും ചേർന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 400 കിലോ ഗ്രാം ഭാരമുള്ള യുവതിയെ താഴെ എത്തിച്ചത്.
അഞ്ചാം നിലയിൽ നിന്ന് യുവതിയുമായി താഴെ എത്താൻ രണ്ട് മണിക്കൂർ വേണ്ടിവന്നു. ഭാരമേറിയ വസ്തുക്കൾ കൊണ്ടുപോകാനായി പ്രത്യേകം ഡിസൈൻ ചെയ്ത് ദുബായ് ആംബുലൻസിന്റെ വാഹനമെത്തിച്ചാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവിൽ ഉമ്മൽ ഖ്വൈനിലെ ആശുപത്രിയിൽ ചികിൽസയിലാണ് ഇവർ.
The 400 kg woman was shifted to the hospital