TAGS

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കുട്ടികൾക്ക് ദുബായ് ഭരണാധികാരിയുടെ പുസ്തകം സമ്മാനമായി നൽകുന്ന സംരംഭത്തിന് തുടക്കം കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. യുഎ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്‍റെ ‘ദി ജേർണി ഓഫ് ദി ഡസർട്ട് ടു ദി സ്റ്റാർസ്’ എന്ന പുസ്തകത്തിന്‍റെ പകർപ്പുകളാണ് ദുബായിൽ വരുന്ന കുട്ടികൾക്ക് സമ്മാനിക്കുന്നത്.

സംരംഭത്തിന്‍റെ ഉദ്ഘാടനം കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് ജി.ഡി.ആർ.എഫ്‌.എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി നിർവഹിച്ചു. ദുബായ് എമിറേറ്റിൽ ഷൈഖ് മുഹമ്മദ് അധികാരമേറ്റതിന്‍റെ 18ാം വാർഷിന്റെ ഭാഗമായാണ് ഇത്. അറബിയിലും  ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് സമ്മാനിക്കുന്നത്. ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന കുട്ടികളുമായി ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായുടെ തനതായ ചരിത്രം വായിക്കാനും അറിയാനുമായി കുട്ടികളെ പ്രോൽസാഹിപ്പിക്കാനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശമായാണ് പുസ്തക വിതരണം. എമിറേറ്റ് സാക്ഷ്യംവഹിച്ച വികസനത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം അവരെ പ്രചോദിപ്പിക്കാനും പുസ്തകത്തിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.