TAGS

ഓടുന്ന വാഹനത്തിന്‍റെ സണ്‍റൂഫ്, വിന്‍ഡോകള്‍ എന്നിവയിലൂടെ തല പുറത്തിട്ടാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. അബുദാബിയിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമം തെറ്റിച്ചാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും ചുമത്തുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയുംചെയ്യും. വാഹനം തിരികെ ലഭിക്കണമെങ്കില്‍ 50,000 പിഴ അടയ്ക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് 1,183 നിയമലംഘനങ്ങളാണ് ദുബായില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, വിവിധ നിയമലംഘനങ്ങളിലായി 707 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതെയിരിക്കാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

വണ്ടിയില്‍ യാത്ര ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ സണ്‍റൂഫ്, വിന്‍ഡോ എന്നിവകളിലൂടെ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണം. നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികള്‍ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് ഉപയോക്താക്കളുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമത്തെ കുറിച്ച് വിശദീകരിച്ചത്. 

സണ്‍റൂഫുകളിലൂടെ തല പുറത്തേക്കിടുന്നതും ഇരിക്കുന്നതും അത്യന്തം അപകടമാണ്. അപ്രതീക്ഷിതമായി വാഹനം നിര്‍ത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ ചെയ്താല്‍ ഗുരുതര പരിക്കുകള്‍ സംഭവിച്ചേക്കാം. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും പൊലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണമെന്നും പൊലീസിലെ ട്രാഫിക് ജനറല്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.