id

ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ നിറവിൽ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും. മക്കയിലും മദീനയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ്  നമസ്കാരത്തിനായി എത്തിയത്. സൗദി റിയാദിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടങ്ങളിലും പള്ളികൾക്ക് പുറത്തിരുന്ന വിശ്വസികൾക്ക് പ്രാർഥനയിൽ പങ്കെടുക്കാനായില്ല.

 

വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് ഗൾഫിലെ വിശ്വാസിസമൂഹം.  മക്കയിലെ ഹറം പള്ളിയിലും മദീനയിൽ പ്രവാചകൻറെ പള്ളിയിലും വിശ്വാസികളുടെ പ്രവാഹമായിരുന്നു.  അര്‍ധരാത്രി മുതല്‍ ഹറമിലും പരിസരത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വിശ്വാസികളുടെ നീണ്ട നിര മസ്ജിദിന് സമീപം റോഡുകളിലേക്കും വ്യാപിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മ നിയന്ത്രണം ജിവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഷൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്ല ഹുമൈദ് ആഹ്വാനം ചെയ്തു.  

 

മദീനയിലെ മസ്ജിദുന്നബവിയില്‍ ഷൈഖ് ഡോ. അബ്ദുല്‍ ബാരി ബിന്‍ അവാദ് അല്‍ സുബൈതി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. റിയാദിൽ പലയിടത്തും ശക്തമായ മഴ പെയ്തതോടെ മസ്ജിദിന് പുറത്തിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനാകാതെ മടങ്ങി. യുഎഇയിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു. ദുബായ് ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ  അൽമനാർ സെന്ററിൽ മൌലവി അബ്ദുസലാം മോങ്ങവും ഖിസൈസിൽ മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകി.

 

ഷാർജയിലെ ഫുട്ബോൾ ഗ്രൗണ്ടിലെ ഈദ് ഗാഹിന് മൊലവി ഹുസൈൻ സലഫി നേതൃത്വം നൽകി. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ വിശ്വാസികൾക്ക് ഈദ് ഉൾ ഫിത്തർ ആശംസകൾ നേർന്നു.  

Gulf id celebrations