വിഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട്

ഹമാസ് ബന്ദികളാക്കിയ ഏഴ് വനിതാ സൈനികരുടെ വിഡിയോ പുറത്തുവിട്ട് ഇസ്രയേല്‍. ബന്ദികളാക്കിയ വനിതകളോട് ഹമാസ് വളരെ മോശമായി സംസാരിക്കുന്നതും വിഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിനിടെയാണ് ഹമാസ് ഇവരെ ബന്ദികളാക്കിയത്. ഹൊസ്റ്റേജ്സ് ഫാമിലീസ് ഫോറം ആണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

‘230 ദിവസം, അതായത് എട്ട് മാസത്തോളമായി ഈ വനിതാ സൈനികര്‍ ഹമാസിന്റെ പിടിയിലാണ്. എന്തായിരിക്കും ഈ യുവതികളുടെ സ്ഥിതിയെന്ന് ചിന്തിക്കാമല്ലോ, എന്നു പറഞ്ഞാണ് ഇസ്രയേല്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. അഞ്ചു സൈനികരെ നഹാല്‍ ഓസ് ബേസില്‍ നിന്നാണ് പിടികൂടിയത്. ലിരി അല്‍ബാഗ്, കരീന അരീവ്, അഗം ബെര്‍ഗര്‍ , ഡാനിയെല്ല ഗില്‍ബോവ, നാമാ ലെവി എന്നീ സൈനികരാണ് ഇപ്പോഴും ഹമാസിന്റെ പിടിയിലുള്ളത്. 

ചുമരിന് അഭിമുഖമായി അഞ്ച് യുവതികളെയും നിര്‍ത്തിയിരിക്കുന്നതാണ്  വിഡിയോയില്‍ കാണാനാവുക.  പൈജാമയാണ് ധരിച്ചിരിക്കുന്നത്. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നതും ചിലരുടെ മുഖത്ത് ചോര പൊടിഞ്ഞിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു ഹമാസ് പ്രവര്‍ത്തകന്‍യുവതിക്കുനേരെ ചൂണ്ടിക്കൊണ്ട് ഇവരാണ് പെണ്‍കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണിയാകുന്നവര്‍ എന്നു പറയുന്നതും കേള്‍ക്കാം. ബന്ദികള്‍ തറയിലിരിക്കുന്നതും സംസാരിക്കുന്നതും വിഡിയോയിലുണ്ട്. എനിയ്ക്ക് പലസ്തീനിലും സുഹൃത്തുക്കളുണ്ടെന്ന് യുവതി ഹമാസ് പ്രവര്‍ത്തകനോട്തിരിച്ചുപറയുന്നതിന്റേയും ദൃശ്യങ്ങള്‍ വ്യക്തമാണ്. 

ഞങ്ങളുടെ സഹോദരങ്ങളെല്ലാം കൊല്ലപ്പെട്ടത് നിങ്ങള്‍ കാരണമാണെന്നും നിങ്ങെളെയെല്ലാം കൊലപ്പെടുത്താനാണ് തീരുമാനമെന്നും ഇയാള്‍ പറയുന്നു. ഇതിനു ശേഷം വനിതാ ബന്ദികളെയെല്ലാം വാഹനത്തില്‍ കയറ്റുന്നതും കാണാം. ഇവരുടെ മോചനത്തിനായി എത്രയും വേഗം ഇസ്രയേല്‍ സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ഹൊസ്റ്റേജ്സ് ഫാമിലീസ് ഫോറം ആവശ്യപ്പെടുന്നു. 13 മിനിറ്റുള്ള വിഡിയോ കട്ട് ചെയ്ത് 3 മിനിറ്റാക്കിയാണ് ഫോറം വിഡിയോ പങ്കുവച്ചത്. ബന്ദികളും അവരുെട കുടുംബവും അനുഭവിക്കുന്ന വേദന കടുത്തതാണെന്നും അത് സര്‍ക്കാര്‍ മനസിലാക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു. തങ്ങളുടെ പെണ്‍മക്കളെ ഈ  രൂപത്തില്‍ കാണാനുള്ള ധൈര്യം  മൂന്ന് പേരുടെ അമ്മമാര്‍ക്കില്ലെന്നും അവരൊന്നും ഈ വിഡിയോ കണ്ടില്ലെന്നും ഫോറം കൂട്ടിച്ചേര്‍ക്കുന്നു. 

Israel released a new video:

Hamas kidnapped women soldiers, Israel released new video