kuwait-fire-malayali-new
  • മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും
  • 50 പേര്‍ക്ക് പരുക്ക്, 7 പേരുടെ നില ഗുരുതരം
  • കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 14 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്‍, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കൊല്ലം ശൂരനാട് ഷമീര്‍, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ്, കാസര്‍കോട് ചെര്‍ക്കള രഞ്ജിത് , തൃക്കരിപ്പൂര്‍ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന്‍ എബ്രഹാം സാബു, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍, ചങ്ങനാശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യ സഹമന്ത്രി കീ‍ർത്തി വർധൻ സിങ് പറഞ്ഞു. 

കുവൈത്ത് മഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപടര്‍ന്നത്. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്  ചര്‍ച്ച ചെയ്യാന്‍  അടിയന്തര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് ചേരും. 

അതേസമയം, തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്താര മന്ത്രാലയം. കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.  കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അപകടത്തിന്റെ കാരണം ഉടൻ കണ്ടെത്തി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ കുവൈത്ത് അമീർ നിർദേശിച്ചു.

ENGLISH SUMMARY:

50 killed in Kuwait fire tragedy among them 13 are Malayalis. 50 injured. Most of the deaths were due to smoke inhalation as the residents were asleep when the fire broke out early Wednesday.