കുവൈത്ത് തീപിടിത്തം ദൗര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെ.ജി എബ്രഹാം. കമ്പനിയുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായത്, എങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് എബ്രഹാം ഉറപ്പ് നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, ആവശ്യമുള്ളവര്‍ക്ക് ജോലിയും നല്‍കും. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളം ആശ്രിതര്‍ക്ക് നല്‍കും. സാമ്പത്തിക സഹായമായ എട്ടുലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സിനും പുറമെയാണിത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായം നല്‍കും. ജീവനക്കാർ കുടുംബത്തെപ്പോലെയാണെന്നും കമ്പനിയുടമയെന്ന നിലയിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കുവൈത്തിലെ അന്വേഷണത്തിന്‍റെ ഭാഗമായി വിളിപ്പിച്ചാൽ സഹകരിക്കുമെന്നും അറിയിച്ചു.
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നില്ല. ജീവനക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കാനും വിളമ്പാനും പ്രത്യേക സൗകര്യമുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന വാദം തെറ്റാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് വാര്‍ത്ത വന്നിട്ടുണ്ടെന്നും കെ.ജി.എബ്രഹാം പറഞ്ഞു.
എൻബിടിസി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. മുൻസിപ്പൽ ചട്ടപ്രകാരം പണിതീർത്ത കെട്ടിടത്തിലെ മുറികളിൽ പാചകം അനുവദിച്ചിരുന്നില്ല. പുറത്തെ കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമാണ് ജീവനക്കാർക്ക് കെട്ടിടത്തിൽ എത്തിച്ചിരുന്നത്. കേന്ദ്ര സർക്കാർ ഇടപെടലിനും എംബസിക്കും നന്ദി പറയുന്നുവെന്നും കെ.ജി.എബ്രഹാം പറഞ്ഞു.