abu-dhabi-coin-building-pg

ബലി പെരുന്നാള്‍ ദിനം യുഎഇയില്‍ 49.4 ഡിഗ്രി സെല്‍സിയസ് ചൂട്. ഈ വര്‍ഷം എമിറേറ്റ്സില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. അബുദാബിയിലെ സ്വൈഹാനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലിനാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. ചൂട് അധികരിച്ചതിന് പിന്നാലെ യുഎഇയുടെ പല ഭാഗത്തും മഴ പെയ്തു. ഇന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്റിയറോളജി അറിയിച്ചു.

യുഎഇയില്‍ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 50.8 ഡിഗ്രി സെല്‍സിയസ് ആയിരുന്നു. 2023 ഓഗസ്റ്റില്‍ അബുദാബിയിലെ ഔത്തെയ്ദിലാണ് ഈ ചൂട് അനുഭവപ്പെട്ടത്. 2023 ജൂലൈയില്‍ രണ്ടുവട്ടം താപനില 50 ഡിഗ്രി കടന്നിരുന്നു. ഇന്നലെ സ്വൈഹാന് പുറമേ നാലിടങ്ങളില്‍ക്കൂടി താപനില 48 ഡിഗ്രി കടന്നു. അല്‍ ഷവാമെഖില്‍ 49.1 ഡിഗ്രി സെല്‍സിയസും മെസെയ്റയില്‍ 49 ഡിഗ്രിയും രേഖപ്പെടുത്തി. സയ് അല്‍ സലേമില്‍ 48.6, അല്‍ വത്ബായില്‍ 48.5 എന്നിങ്ങനെയായിരുന്നു ചൂട്.

uae-weather-chart-june

താപനില ഉയര്‍ന്നുനില്‍ക്കുന്നത് കണക്കിലെടുത്ത് പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യുഎഇയിലെ വിവിധ ഏജന്‍സികള്‍ അഭ്യര്‍ഥിച്ചു. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, നിര്‍ജലീകരണം ഉണ്ടാകാതെ സൂക്ഷിക്കുക, പുറത്തിറങ്ങേണ്ടിവന്നാല്‍ സണ്‍സ്ക്രീന്‍ ലോഷനുകളും ത്വക്ക് വരണ്ടുപോകാതിരിക്കാനുള്ള ക്രീമുകളും മറ്റും കരുതുക തുടങ്ങിയവയാണ് പൊതു നിര്‍ദേശങ്ങള്‍. പകലിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതിനാല്‍ ഉറക്കക്കുറവ് ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ യഥാസമയം ചികില്‍സ തേടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The UAE recorded its hottest day of the year at 49.4°C in Sweihan, Abu Dhabi, during the Eid Al Adha celebrations. Authorities advised residents to avoid prolonged sun exposure, stay hydrated, and use sunscreen to protect against the extreme heat.