uae-03

TOPICS COVERED

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി. യാത്രാരേഖകൾക്കായ് അപേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും മുസഫയിലെ അൽ റീമിലെയും അൽ ഐനിലെയും ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനും താമസം നിയമാനുസൃതമാക്കാനുമാണ് യു.എ.ഇ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്. ഈ ആനുകൂല്യം  പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്ക് വേണ്ട സഹായമൊരുക്കുകയാണ് ഇന്ത്യൻ എംബസി. ആവശ്യമായ യാത്രരേഖകൾ ലഭിക്കാൻ അൽ റീമിലെയും അൽ ഐനിലെയും ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കാം. മുൻകൂട്ടി അപ്പോയൻമെന്റ് എടുക്കേണ്ടതില്ലെന്നും എംബസി വ്യക്തമാക്കി.  

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം  എമർജൻസി സർട്ടിഫിക്കറ്റ് നൽകും. അബുദാബി ഇന്ത്യൻ എംബസിയിലെ കോൺസുലാർ ഓഫിസിൽ വൈകിട്ട് നാലിനും ആറിനും ഇടയ്ക്ക് എത്തിയാൽ സർട്ടിഫിക്കറ്റ് കൈപ്പറ്റാമെന്നും എംബസി അറിയിച്ചു.  യുഎഇയിലെ താമസം നിയമാനുസൃതമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഷോർട് വാലിഡിറ്റി പാസ്പോർട്ടിന് അൽ റീമിലെയും അൽ ഐനിലെയും ബിഎൽഎസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. 

ഈ രണ്ട് സേവനകേന്ദ്രങ്ങളും ഞായറാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കും.  ഒക്ടോബർ 30ന് ഗ്രേസ് പിരീഡ് കാലാവധി അവസാനിക്കുന്നതുവരെ സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം ഇങ്ങനെ തുടരുമെന്നും എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0508995583 എന്ന നമ്പറിൽ വിളിക്കാം. ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ  മാത്രമേ ഈ നമ്പറിൽ സേവനം ലഭിക്കുകയുള്ളൂവെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

ENGLISH SUMMARY: