മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളുടെ പരീക്ഷ ദുബായിൽ നടന്നു. പഠനോത്സവമെന്ന പേരിൽ ഗൾഫ് മോഡൽ സ്കൂളിലായിരുന്നു പരീക്ഷ.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, അക്ഷര മാതൃകകളും കൈയിലേന്തി നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെയാണ് പഠനോൽസവം തുടങ്ങിയത്. തുടർന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഗൾഫ് മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഉഷ ഷിനോജ് മുഖ്യാതിഥിയായിരുന്നു.
കണിക്കൊന്ന, സൂര്യകാന്തി വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികളാണ് ദുബായിൽ പരീക്ഷ എഴുതിയത്. പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കുട്ടികൾക്ക് ഓൺലൈനായി പരീക്ഷ നടത്തിയിരുന്നു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ അംഗങ്ങളും അധ്യാപകരും പഠനോത്സവത്തിന് നേതൃത്വം നൽകി. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെയായിരുന്നു പരിപാടി.