Image Credit: Facebook

നരേന്ദ്ര മോദി സർക്കാരിന്‍റെ പതനം പ്രവചിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാര്‍ ഓഗസ്റ്റ് മാസത്തോടെ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നും ലാലു പ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. പാർട്ടിയുടെ സ്ഥാപകദിന പരിപാടിയിലായിരുന്നു ലാലു പ്രസാദ് യാദവിന്‍റെ വിവാദ പരാമര്‍ശം.

'‍ഡല്‍ഹിയിലെ മോദി സർക്കാർ നിലവിൽ ദുർബലാവസ്ഥയിലാണ്. ഓഗസ്റ്റ് മാസത്തോടെ സർക്കാർ താഴെവീഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും സജ്ജരായിരിക്കുക. ഒരു തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം' എന്നാണ് ലാലു പ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം ലാലുവിന്‍റെ പുതിയ പരാമര്‍ശം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 

നേരത്തെ ആർ.ജെ.ഡി നേതാവും ലാലു പ്രസാദിന്റെ മകനുമായ തേജസ്വി യാദവ് ജെഡിയുവിനെതിരെ രംഗത്ത് വന്നിരുന്നു. ജെഡിയുവില്‍ നിന്നുള്ളവര്‍ അധികാരത്തോടുള്ള ആര്‍ത്തിമൂലം അവരുടെ പ്രത്യയശാസ്ത്രത്തോട് സന്ധി ചെയ്യുകയും ബിജെപിയോട് സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. ബിജെപിയോട് സന്ധി ചെയ്യാന്‍ തയ്യാറാകാത്ത, ബിജെപിക്ക് മുന്നില്‍ മുട്ട് വളയ്ക്കാത്ത ഒരേയൊരു പാര്‍ട്ടി ആര്‍‍ജെഡി ആണെന്നായിരുന്നു തേജസ്വി യാദവിന്‍റെ പ്രതികരണം. ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് ചൂണ്ടിക്കാണിച്ച തേജസ്വി യാദവ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ വോട്ട്‌ഷെയര്‍ 9% വര്‍ദ്ധിച്ചതായും  എൻ.ഡിഎയുടെ വോട്ട് കുറഞ്ഞെന്നും തേജസ്വി യാദവ് പറഞ്ഞു. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടുമെന്ന് മോദി അവകാശപ്പെട്ടിരുന്നെങ്കിലും 240 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. തുടര്‍ന്ന് സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയും മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്​തു. 

ENGLISH SUMMARY:

'Modi government could fall by August'; says Lalu Prasad Yadav