omanship-searching
  • എണ്ണക്കപ്പലിലുള്ളത് 16 ജീവനക്കാര്‍
  • കാണാതായത് പ്രസ്റ്റീജ് ഫാൽക്കൺ കപ്പല്‍
  • ഐഎന്‍എസ് തേജും, പി–8i വിമാനവും തിരച്ചിലിന്

ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് കാണാതായ 13 ഇന്ത്യക്കാരടക്കമുള്ളവരെ തിരയാന്‍ നാവികസേനയും. പടക്കപ്പലായ ഐഎന്‍എസ് തേജും ദീര്‍ഘദൂരനിരീക്ഷണ വിമാനമായ പി–8iയെയും ഒമാന്‍ കടലില്‍ വിന്യസിച്ചു. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് ഒമാന്‍ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ച മുങ്ങിയത്. 

 

കൊമോറോസ് പതാക വാഹകയായ പ്രസ്റ്റീജ് ഫാൽക്കൺ എണ്ണക്കപ്പലിലുള്ളത് 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരുമടക്കം 16 ജീവനക്കാരാണ്. ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽനിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞത്. ദുബായിൽനിന്ന് യെമൻ തുറമുഖമായ ഏയ്ഡനിലേക്ക് പുറപ്പെട്ടതായിരുന്നു എണ്ണക്കപ്പല്‍.

 പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് പതിവ് പട്രോളിങ്ങിലുണ്ടായിരുന്ന ഐഎന്‍എസ് തേജെന്ന പടക്കപ്പലും ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി–8iയെയും തിരച്ചിലിന് വിന്യസിച്ചത്. എണ്ണക്കപ്പല്‍ മുങ്ങിയയിടത്ത് ഐഎന്‍എസ് തേജ് എത്തിയെന്നാണ് വിവരം. ഒമാന്‍ നാവികസേനയും ഇന്നലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ കപ്പലാണ് പ്രസ്റ്റീജ് ഫാൽക്കൺ. 

ENGLISH SUMMARY:

13 Indians missing after oil tanker sinks off Oman coast, Indian Navy deploys warship to look for survivors