പ്രവാസികളുടെ കുട്ടികൾക്ക് രാജ്യം വിട്ട് പുറത്തുപോകണമെങ്കിൽ അച്ഛന്‍റെ സമ്മതപത്രം നിർബന്ധമാക്കി കുവൈത്ത്. തുറമുഖ വിമാനത്താവള പാസ്പോർട് വകുപ്പിന് ആഭ്യാന്തരമന്ത്രാലയം ഇത് സംബന്ധിച്ച് നിർദേശം നൽകി.
പ്രവാസികളുടെ കുട്ടികൾക്ക് രാജ്യം വിട്ട് പുറത്തുപോകണമെങ്കിൽ ഇനി മുതൽ പാസ്പോർട് വകുപ്പ് പ്രത്യേകം തയ്യാറാക്കിയ കൺസെന്റ് ഫോമിൽ രക്ഷിതാവിന്റെ ഒപ്പ് വേണം. കുട്ടിയെ സ്പോൺസർ ചെയ്യുന്ന ആളുടെ സമ്മതമാണ് വേണ്ടത്. സ്പോൺസർ ചെയ്യുന്നത് അച്ഛനാണെങ്കിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ആർക്കും കുട്ടിയെ രാജ്യത്ത് നിന്ന് കൊണ്ടുപോകാൻ ആകില്ല. അമ്മയും ബന്ധുക്കളും ഒപ്പം യാത്രം ചെയ്യുന്നുണ്ടെങ്കിൽ പോലും ഈ നിയമം ബാധകമാണ്.
ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കുട്ടികളെ ബലിയാടാക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് നിയമഭേദഗതി വരുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് വ്യക്തമാക്കി. ദമ്പതികൾക്കിടയിലുണ്ടാകുന്ന തർക്കങ്ങളെ തുടർന്ന് മക്കളുമായി അമ്മ രാജ്യവിടുകയും തിരികെ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. രാജ്യം വിടുമ്പോൾ മാത്രമാണ് നിയമം ബാധകമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അച്ഛന്റെ സ്പോൺസർഷിപ്പിലുള്ള കുട്ടികളെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കൊണ്ടുപോകുന്നത് പുതിയ നിയന്ത്രണങ്ങൾ പ്രകാരം നിയമപരമായ ലംഘനമായി കണക്കാക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു