UAE-EXPO2020-TOURISM-CULTURE

TOPICS COVERED

റസിഡന്റ് വീസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക്, താമസം നിയമാനുസൃതം ആക്കാൻ സാവകാശം നൽകി യുഎഇ. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും ശിക്ഷ കൂടാതെ രാജ്യം വിടാനുമായി രണ്ട് മാസത്തെ സമയമാണ് അനുവദിച്ചത്.

അനധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡിൻറിൻറി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റി വകുപ്പ് ഗ്രേസ് പിരീഡ് അനുവദിച്ചത്. ഇതോടെ മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് തുടരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാനാകും. നിലവിൽ കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പിഴകളാണ്. ദിവസകണക്കിനാണ് പിഴത്തുക നൽകേണ്ടി വരിക.

കാലാവധി കഴിഞ്ഞ് ആദ്യദിവസം തന്നെ മടങ്ങുകയാണെങ്കിൽ ഔട്ട് പാസ് ഉൾപ്പെടെ 300 ദിർഹം പിഴ നൽകണം. പിന്നീടുള്ള ഓരോ ദിവസം അൻപത് ദിർഹം വീതമാണ് പിഴയായി ഈടാക്കുന്നത്. ഗ്രേസ് പിരീഡ് അനുവദിച്ചതോടെ വൻതുക പിഴ അടയ്ക്കുന്നത് ഒഴിവായി കിട്ടും. മലയാളികൾ ഉൾപ്പെടെ ജോലി തേടി സന്ദർശക വീസയിലെത്തി രാജ്യത്ത് കുടുങ്ങിപോയ ഒട്ടേറെപേർക്ക് നടപടി ആശ്വാസമാകും. ഇതോടൊപ്പം താമസം നിയമാനുസൃതം ആക്കാനും അവസരം ലഭിക്കും.

രണ്ട് മാസത്തിനകം ജോലി കണ്ടെത്തി തൊഴിൽ വീസയിലേക്ക് മാറാനും കഴിയും. എന്നാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് വീണ്ടും യുഎഇയിലേയ്ക്ക് വരാതിരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമോ എന്ന കാര്യമടക്കം കൂടുതൽ വിവരങ്ങൾ അധികൃതർ വരും ദിവസങ്ങളിൽ പുറത്തുവിടും. നേരത്തെ 2018ലാണ് യുഎഇ ഇത്തരത്തിൽ വീസ കാലാവധി തീർന്നവർക്ക് പൊതുമാപ്പ് അനുവദിച്ചത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ അന്ന് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു.

ENGLISH SUMMARY:

UAE residence visa violations: Two-month grace period announced