TOPICS COVERED

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കർശനമാക്കി യു.എ.ഇ. വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കുള്ള  പിഴ തുക പത്ത് ലക്ഷം ദിർഹം വരെയാക്കി ഉയർത്തി. തൊഴിൽ വാഗ്ദാനങ്ങൾ പാലിക്കാത്ത കമ്പനികളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.  

പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കുക, സാധുതയുള്ള പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി രാജ്യത്ത് എത്തിച്ചശേഷം  ജോലി നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷണ നടപടികൾ ഉൾപ്പെടുത്തിയണ്  സർക്കാർ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചത്.  ഇത്തരം നിയമലംഘനങ്ങൾക്ക്  ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ.  

സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ജീവനക്കാരെ നിയമിച്ചെന്ന് വ്യാജ രേഖയുണ്ടാക്കുന്ന കമ്പനികൾക്കെതിരെ ക്രിമിനിൽ കുറ്റം ചുമത്തി നടപടിയെടുക്കും.  മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചായിരിക്കും സർക്കാർ ക്രിമിനൽ നടപടികളിലേക്ക് കടക്കുക. മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ കമ്പനികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ മാത്രമേ കേസ് കോടതിയുടെ പരിഗണനയിലെത്തൂ.  

പിഴ തുകയുടെ പകുതിയും, സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന്റെ പേരിൽ ലഭിച്ച സർക്കാർ ആനുകൂല്യങ്ങളും തിരിച്ചടച്ചാല്‍ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികളെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്ന് മുതൽ പൊതുമാപ്പിന് സമാനമായ ആനുകൂല്യം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് അനുകൂലമായ സർക്കാർ നടപടി. താമസം നിയമാനുസൃതമാക്കാൻ രണ്ടുമാസത്തെ ഗ്രേസ് പിരീഡാണ് അനുവദിച്ചിരിക്കുന്നത്.  

ENGLISH SUMMARY: