kuwait-buidling-fire

TOPICS COVERED

കുവൈത്ത് മംഗെഫിലെ തീപിടിത്തം യാദൃശ്ചികമാണെന്നും കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്നും സാങ്കേതിക റിപ്പോർട്ട്. അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം അനുവദിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.  

കഴിഞ്ഞ ജൂൺ പന്ത്രണ്ടിന് പുലർച്ചെയാണ് കുവൈത്തിലെ മംഗെഫിലെ കെട്ടിടത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 45 ഇന്ത്യക്കാരും അതിൽ  24 പേർ മലയാളികളായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള  എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് മരിച്ച എല്ലാവരും.  നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ് ടെക്നിക്കൽ  റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.  

യാദൃശ്ചികമായാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.  അതുകൊണ്ട് തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കാൻ ആകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്തതായാണ് വിവരം. കസ്റ്റഡിയിലെടുത്ത  മൂന്ന് ഇന്ത്യക്കാരെയും  കുവൈത്തി പൗരനെയും നാല് ഈജിപ്തുകാരെയും വിട്ടയച്ചു.  300 കുവൈത്തി ദിനാർ വീതം കെട്ടിവച്ചശേഷം ഇവർക്ക് ജാമ്യം അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കെട്ടിടത്തിൽ നിയമലംഘനമുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു പ്രാരംഭഘട്ടത്തിലെ അന്വേഷണം. ഇതേതുടർന്ന് രാജ്യത്തെ തൊഴിലാളി ക്യാപുകളിലെല്ലാം കെട്ടിടനിയമം കർശനമായി പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ പരിശോധനയും ശക്തമാക്കിയിരുന്നു.  

ENGLISH SUMMARY:

Kuwait fire case: No criminal intent found, defendants granted bail