image: x.com/IOM_Yemen/

TOPICS COVERED

യെമനിലെ തൈസ് തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 13 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 14 പേരെ കാണാതായി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നും 25 ഇത്യോപ്യന്‍ പൗരന്‍മാരും രണ്ട് യെമന്‍ പൗരന്‍മാരുമായി വന്ന ബോട്ട് ദുബാബ് ജില്ലയുടെ തീരത്താണ് മുങ്ങിയത്. 

11 പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചതെന്ന് ഐ.ഒ.എം റിപ്പോര്‍ട്ട് ചെയ്യുന്നു. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല. അനധികൃത കുടിയേറ്റക്കാര്‍ പതിവായി തിരഞ്ഞെടുക്കുന്ന സഞ്ചാരപാതകളിലൊന്നിലാണ് അപകടമുണ്ടായിരിക്കുന്നത്. അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് രാജ്യങ്ങള്‍ക്ക് കൂട്ടായി പിന്തുണ നല്‍കണമെന്നും ഇങ്ങനെ ജീവന്‍ പൊലിയുന്നത് ദുഃഖകരമാണെന്നും ഐ.ഒ.എം വ്യക്തമാക്കുന്നു. 

ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലും അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി, നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പതിനായിരക്കണക്കിന് പേരാണ് ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി ജീവന്‍ തന്നെ പണയപ്പെടുത്തി ഗള്‍ഫിലേക്കും യൂറോപ്പിലേക്കും ചേക്കേറാന്‍ ശ്രമിക്കുന്നത്. 2023 ല്‍ മാത്രം യെമന്‍ തീരത്ത് എത്തിയത് 97,200ലേറെ അഭയാര്‍ഥികളാണെന്നും ഐ.ഒ.എം റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനില്‍ നിന്ന് സൗദി അറേബ്യയുള്‍പ്പടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നുകൂടാനാണ് പലരും ശ്രമിക്കുന്നത്. 

ENGLISH SUMMARY:

Atleast 13 killed and 14 missing after boat sinks in Yemen, says UN Agency