അപകടപ്പൊഴിയായ തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ടു മീന്‍പിടിത്ത വള്ളങ്ങൾ മറിഞ്ഞു. വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരുക്കേറ്റു.

ജീവിക്കാൻ കടലിൽ പോകണം. മുതലപ്പൊഴിയിൽ നിന്നാണെങ്കിൽ ജീവനും കൈയ്യിൽ പിടിച്ചാണ് കടലിൽ പോകുന്നത്. രാവിലെ 9.30ഓടെ മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇലാഹി എന്ന വള്ളമാണ് ശക്തമായ തിരയിൽ ആദ്യം അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ വെള്ളം കയറി നിയന്ത്രണ നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽപ്പെട്ട വള്ളം കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടെ താൽക്കാലിക ഫിഷറീസ് ഗാർഡ് ബിൽബന് പരുക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അഴിമുഖത്ത് അത്യുന്നതൻ എന്ന വള്ളം മറിഞ്ഞത്. അപകടത്തിൽപ്പെട്ടവർ നീന്തി മറ്റൊരു വള്ളത്തിൽ കയറി. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ആറാമത്തെയും കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ പതിനെട്ടാമത്തെയും അപകടമാണിത്.