Untitled design - 1

പ്രതീകാത്മക ചിത്രം

യുഎഇയിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പ്രത്യേക സന്ദേശത്തിനൊപ്പം വിപുലമായ ആഘോഷങ്ങളെയാണ് കുട്ടികളെ സ്കൂളിലേയ്ക്ക് വരവേറ്റത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച്  അപകടരഹിത ദിന ക്യാംപെയിന് ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടു.

ക്ലാസ്മുറികൾ അലങ്കരിച്ചും പാട്ടും കളിയുമായി കേരളത്തിലെ പ്രവേശനോൽസവത്തിന് സമാനമായിരുന്നു ദുബായിലെ  ഭവൻസ്  പേൾ വിസ്‌ഡം സ്കൂൾ  വിദ്യാർഥികളെ സ്വീകരിച്ചത്. പിന്നാലെ യുഎഇ പ്രസിഡന്റിനെ ശബ്ദസന്ദേശമെത്തി. എല്ലാവർക്കും വിജയകരമായ വർഷം ആശംസിച്ച പ്രസിഡന്റ് രാജ്യത്തിന്റെ ഭാവിയാണ് അവരെന്നും എല്ലാവർക്കും മാതൃകയാകേണ്ടവരാണെന്നും ഓർമിപ്പിച്ചു. രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം രാജ്യത്തെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകളിലും കുട്ടികളെ കേൾപ്പിച്ചു. മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ രണ്ടാം ടേമാണ് ആരംഭിച്ചത്. ഇന്ത്യന്‍ സ്‌കൂളുകളിലെ  പുതിയ അധ്യയന വര്‍ഷം ഏപ്രിൽ മാസം തന്നെ ആരംഭിച്ചിരുന്നു. 

അതേസമയം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും തുറക്കുന്നതിനാൽ  നിരത്തുകളിൽ വൻ ഗതാഗത ക്രമീകരണങ്ങളാണ് വിവിധ എമിറേറ്റുകളിലെ  ട്രാഫിക് പൊലീസ് ഒരുക്കിയിരുന്നത്. സ്കൂൾ തുറക്കുന്ന ദിവസം അപകടങ്ങളും ട്രാഫിക് നിയമലംഘങ്ങളും ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞ എടുക്കുകയും  പാലിക്കുകയും ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ നീക്കും. നഴ്സറിയിലും കിന്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുള്ളവർക്ക് അധ്യയന വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ ഫ്ലെക്സിബിൾ ജോലി സമയവും അനുവദിച്ചിട്ടുണ്ട്.

ENGLISH SUMMARY:

UAE students return after summer break