3000 പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്നു. ഒരേസമയം. 11 പേര്‍ കൊല്ലപ്പെട്ടു. നാലായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്. ലബനനിലെ ബെയ്റൂട്ട് മുതല്‍ മുതല്‍ ബെക്കാവാലി വരെ പരുക്കേറ്റവരെയുമായി ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ആക്രമണം നേരിട്ടതെല്ലാം ഹിസ്ബുല്ല നേതാക്കള്‍. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട്  പേജറുകള്‍ വഴി, ഇസ്രയേലി ചാരസംഘടന മൊസാദ് നടത്തിയ അതിസൂക്ഷ്മമായ ആക്രമണമാണെന്ന തിരിച്ചറിവില്‍ ലോകം ഞെട്ടി. ആക്രമണമുണ്ടാക്കിയ ആള്‍നാശത്തേയും പരുക്കുകളേയും കാള്‍ ഹിസ്ബുല്ലെയെ മുറിവേല്‍പ്പിച്ചത്, സ്വന്തം സുരക്ഷാസംവിധാനത്തിലേക്ക് മൊസാദ് നുഴഞ്ഞുകയറിയെന്ന യാഥാര്‍ഥ്യമാണ്.  

ആരാണ് ഹിസ്ബുല്ല?

ലബനന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനയാണ് ഹിസ്ബുല്ല. യുഎസും യൂറോപ്യന്‍ യൂണിയനും യുഎഇയും അടക്കം 60 രാജ്യങ്ങള്‍ ഭീകരസംഘടനായായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണിത്. ലബനന്‍ പാര്‍ലമെന്‍റില്‍ നിര്‍ണായക സ്വാധീനമാണ് ഹിസ്ബുല്ലയ്ക്കുള്ളത്.  അവരുടെ സായുധ പിന്തുണയില്ലാതെ ലെബനന് നിലനില്‍പ്പില്ല. ആയുധശേഷിയും, പുതിയ സാങ്കേതികവിദ്യയും ഉള്ള സായുധസംഘമാണ് ഹിസ്ബുല്ലയുടേത്.  ഗാസയില്‍  ഹമാസും യെമനിലെ ഹൂതി വിമതരുമായി കൈകോര്‍ത്ത് ഇസ്രയേലിന്‍റെ ശത്രുപക്ഷത്താണ് ഹിസ്ബുല്ല. ഹിസ്ബുല്ലയ്ക്ക് വേണ്ട ആയുധവും പരിശീലനവും നല്‍കുന്നത് ഇറാനാണ്. അതിര്‍ത്തിയില്‍ ഇസ്രയേലിനെ വിറപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. ഗാസ യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ ലബനന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമാണ്. പരസ്പരം റോക്കറ്റുകള്‍ തൊടുത്ത് പ്രകോപനം തുടരുകയാണ്.  അതിര്‍ത്തിയില്‍ നിന്ന് ഇരുരാജ്യങ്ങളും പൗരന്‍മാരെ ഒഴിപ്പിച്ചു. ഈ മേഖലയിലെ സൈനീക വിന്യാസം ഈയടുത്ത് ഇസ്രയേല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

ഹിസ്ബുല്ലയ്ക്ക് എന്തിനാണ് പേജര്‍?

1996 ലാണ് ഹമാസ് നേതാവ് യഹിയ അയ്യാഷ് കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ രഹസ്യമായി സ്ഥാപിച്ച ബോംബ് പൊട്ടി കൊല്ലപ്പെടുന്നത്.  ബോബ് നിര്‍മാണത്തില്‍ വിദ്ഗധനായിരുന്ന യഹിയ ഹമാസിന്‍റെ എന്‍ജിനീയര്‍ എന്നാണ് അറിയപ്പെട്ടിരുന്നതും. അതിന് ശേഷമാണ് ശേഷമാണ് ചോര്‍ത്താന്‍ എളുപ്പമുള്ള സാറ്റലൈറ്റ് വഴിയുള്ള കമ്യൂണിക്കേഷന്‍ ഒഴിവാക്കി ഹിസ്ബുല്ല പേജറിലേക്ക് കടക്കുന്നത്. റേഡിയോ സിഗ്നല്‍ വഴി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് സംവിധാനമാണ് പേജര്‍. ഇതില്‍ ശബ്ദസന്ദേശവും ടെക്സ്റ്റ് മേസേജുകളും വഴിയാണ് ആശയവിനിമയം.  

ആക്രമണം എങ്ങനെ?

തായ്വാനില്‍ നിന്നാണ് ഹിസ്ബുല്ല 5000 പേജറുകള്‍ വാങ്ങാനുള്ള ബള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ഈ പേജറുകള്‌‌ മൊസാദ് കൈക്കലാക്കി അതിസൂക്ഷ്മ ഓപറേഷനിലൂടെ  ചിപ്പോ സ്ഫോടകവസ്തുവോ വച്ചെന്നാണ് നിഗമനം.ആല്‍ഫാന്യൂമെറിക്കല്‍ കോഡ് പോലുള്ള സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നു. ഈ പേജറുകള്‍ ടാര്‍ഗറ്റുകളുടെ കൈകളിലെത്തുന്നത് വരെ കാത്തിരിക്കുന്നു. പേജറുകള്‍ വ്യാപകമായി ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ ശേഷം സ്ഫോടനം. പടക്കം പൊട്ടുന്നത് പോലെയോ, വെടിയൊച്ച പോലെയോ ഉള്ള ശബ്ദമേയുള്ളൂ. പരുക്കേറ്റവരില്‍ കൂടുതല്‍ പേര്‍ക്കും  മുഖത്തിനും കണ്ണുകള്‍ക്കും കൈകള്‍ക്കുമാണ് പരുക്കേറ്റത്. പലരുടെയും കൈകള്‍ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണ്. സാധാരണ സോഫ്റ്റ്് വെയറുകള്‍ ഹാക്ക് ചെയ്ത് സുരക്ഷാ സംവിധാനം പൊളിക്കുന്ന രീതിയൊക്കെ കാണാറുണ്ടെങ്കിലും ഇത്തരത്തില്‍ ഹാര്‍ഡ് വെയര്‍ ഓപറേഷന്‍, അതും ഇത്ര വിപുലമായ രീതിയിലുണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.  ഹിസ്ബുല്ല പോലെ ആയുധശേഷിയും സാങ്കേതികമികവുമുള്ള സംഘങ്ങള്‍ക്ക് നല്‍കുന്ന ഉപകരണങ്ങള്‍ നേരിട്ട് തിരിമിറി നടത്തുക എന്ന അസാധ്യമായ നീക്കമാണ് മൊസാദ് പാളിച്ച കൂടാതെ നടത്തിയെടുത്തത് .അത്രയും വലിയ സുരക്ഷാ പാളിച്ചയുണ്ടായെന്ന യാഥാര്‍ഥ്യമാണ് ഹിസ്ബുല്ലയെ ‍ഞെട്ടിക്കുന്നതും.മാസങ്ങള്‍ നിരീക്ഷിച്ച് സൂക്ഷ്മമായി ടാര്‍ഗറ്റ് സെറ്റ് ചെയ്ത് ആക്രമിക്കുന്നതാണ് ലോകത്ത് സാങ്കേതികമായി ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന ഇസ്രയേലി ചാരസംഘടന മൊസാദിന്‍റെ രീതി. അതുകൊണ്ട് ഇസ്രയേല്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റില്ലെങ്കിലും പിന്നില്‍ മൊസാദ് തന്നെയെന്ന കാര്യത്തില്‍ സംശയമില്ല.

ഇറാനില്‍ വച്ച് ഹമാസ് തലവന്‌ ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയ ഓപറേഷനും ഇതേ മാതൃകയിലായിരുന്നു. ഇറാനിലെത്തുമ്പോള്‍ അദ്ദേഹം പതിവായി കഴിയാറുള്ള, അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിലാണ് അന്ന് മൊസാദ് ബോംബ് വച്ചത്. മാസങ്ങള്‍ക്ക് ശേഷം ആ മുറിയിലെത്തിയ രാത്രിയില്‍ സ്ഫോടനം.ഇറാന്‍റെ കര്‍ശന സുരക്ഷയും നിരീക്ഷണവുമുളള സ്ഥലത്ത് മൊസാദ് നടത്തിയ സ്ഫോടനവും ആസൂത്രണവും അന്നും ലോകത്തെ ഞെട്ടിച്ചു.

 അബദ്ധത്തില്‍ ഇത് കൈവശം വച്ച   ഹിസ്ബുല്ല മൂന്ന്  എംപിമാരുടെ മക്കളും കൊല്ലപ്പെട്ടവരിലുണ്ട്. ഇറാന്‍റെ ലബനന്‍ അംബാസഡര്‍ക്കും പരുക്കേറ്റു. ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ ശ്യംഖല ഒന്നടങ്കം താറുമാറായി.  രഹസ്യസന്ദശങ്ങളടക്കം അതീവസുരക്ഷാവിവരങ്ങള്‍ മൊസാദ് ചോര്‍ത്തിയോ എന്ന സംശയവും ബലപ്പെട്ടു. ഇതോടെ തുടര്‍നീക്കങ്ങള്‍ക്ക് കഴിയാതെ ഹിസ്ബുല്ല ആശയക്കുഴപ്പത്തിലാണ്. ആള്‍നാശത്തേക്കാള്‍ ആത്മവിശ്വാസത്തിന് മുറിവേറ്റ ഹിസ്ബുല്ല തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ശത്രുപക്ഷത്തെ വിറപ്പിച്ച ഇസ്രയേല്‍ നീക്കം, ഇതുപോലുള്ള മാസ് ആക്രമണങ്ങളുടെ ഭീതിയിലേക്ക് കൂടി ലോകത്തെ തള്ളിയിടുകയാണ്. പ്രതിരോധത്തിന് ഏതടവും പയറ്റാനും ഏതു സുരക്ഷാമേഖലയും നുഴഞ്ഞുകയറി പൊളിക്കാനും പറ്റുന്ന ശക്തിയായി ഇസ്രയേല്‍ മാറുന്നത് പശ്ചമേഷ്യയെ കൂടുതല്‍ അശാന്തമാക്കുകയാണ്.