ഹിസ്ബുല്ലയുടെ ഏരിയല്‍ കമാന്‍ഡറെ വധിക്കാന്‍ ഉത്തരവിട്ടത് താനാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം തുടരുമെന്നും ലക്ഷ്യം കണ്ടെത്താതെ വിശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'വിമാനത്തിലിരിക്കെയാണ് താന്‍ ഒരു വ്യോമാക്രമണത്തിനൊപ്പം ഹിസ്ബുല്ലയുടെ ഡ്രോണ്‍ യൂണിറ്റിന് കനത്ത പ്രഹരമേല്‍പ്പിക്കാനുമുള്ള മറ്റുചില കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയത്. അതുപോലെ അയാള്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നയം വ്യക്തമാണ്. ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം പൂര്‍ണതോതില്‍ തുടരും. ലക്ഷ്യത്തിലെത്തുന്നത് വരെ സ്വസ്ഥമായിരിക്കില്ല' എന്നായിരുന്നു നെതന്യാഹു നടത്തിയ പ്രതികരണം. ഇതിന് പിന്നാലെ വ്യോമാക്രമണങ്ങളിലൂടെ മുഹമ്മദ് ഹുസൈന്‍ സ്റൗറിനെ വധിച്ചതെങ്ങനെയെന്ന വിഡിയോയും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ ഭാഗത്ത് വ്യോമാക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബെയ്റൂട്ടിലെ തെക്കന്‍ പ്രദേശത്ത് ഒളിവില്‍ കഴിയവേയാണ് സ്റൗര്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ലബനീസ് ഗ്രാമമായ അയ്താ അല്‍ ഷാബില്‍ ജനിച്ച സ്റൗര്‍ 1996ലാണ് ഹിസ്ബുല്ലയില്‍ ചേര്‍ന്നത്. ഹജ് അബു സലാ എന്ന പേരും സ്റൗര്‍ സ്വീകരിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് സ്റൗര്‍ ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് എത്തിയത്. ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് സ്റൗര്‍ ചുക്കാന്‍ പിടിച്ചു. ലബനനിലെ കിഴക്കന്‍ അതിര്‍ത്തിയിലും സിറിയയിലുമായി ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരനും സ്റൗര്‍ ആയിരുന്നു. ഇസ്രയേലി സേനയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതായിരുന്നു സ്റൗറിന്‍ പ്രധാന ചുമതലയും.
ഹിസ്ബുല്ലയുടെ ഡ്രോണ്‍ വിഭാഗത്തെ കരുത്തരാക്കിയതിന് പിന്നില്‍ സ്റൗറിന്‍റെ തന്ത്രങ്ങളാണ്. ലബനനിലെയും ബെയ്റൂട്ടിലെയും ജനവാസകേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്റൗര്‍ ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തിയെങ്കിലും സ്റൗര്‍ പിന്‍മാറിയില്ല.
യമനിലെ ഹൂതി വിമതരുമായി ചേര്‍ന്നും ഇസ്രയേലിനെതിരെ ഉപരിതലത്തില്‍ നിന്നും തൊടുക്കാവുന്ന മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും സ്റൗര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണമാണ് നിലവില്‍ ലബനനിലേക്കും ബെയ്റൂട്ടിലേക്കും എത്തിനില്‍ക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നടന്ന ആക്രമണങ്ങളില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായതും.