ഇസ്രയേലിന്‍റെയും നെതന്യാഹുവിന്‍റെയും കണ്ണിലെ കരടായ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതോടെ ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഇനിയാര് എന്ന ചോദ്യം ഉയരുകയാണ്. സംഘടനയുടെ ഏറ്റവും വലിയ ശക്തിയായ നസ്റല്ലയുടെ മരണം വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നസ്റല്ലക്ക് ശഷം ഹിസ്ബുല്ലക്ക് പ്രചോദനമാകാന്‍ ഇനിയാര്‍ക്കു സാധിക്കും എന്ന ചോദ്യവും ശക്തമാവുകയാണ്. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നസ്‌റല്ലയുടെ ബന്ധുവായ ഹാഷിം സഫീദ്ദീൻ പിൻഗാമിയാകാൻ സാധ്യതയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അതിനുള്ള തീരുമാനം ഹിസ്ബുല്ലയുടേത് മാത്രമായിരിക്കില്ല, ഇറാനിലെ പ്രബലസഖ്യത്തിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടിയിരിക്കുന്നു. 2017 ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തീവ്രവാദിയായി മുദ്രകുത്തിയ സഫീദ്ദീൻ ഒരു വിവാദ വ്യക്തിത്വം കൂടിയാണെന്നതാണ് ഒരു വെല്ലുവിളി.
നസ്റല്ലയുടെ സ്ഥാനത്തേക്ക് ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നസ്‌റല്ലയുടെ കസിനും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. 1964ൽ ജനിച്ച സഫിയെദ്ദീന്‍ ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്നതിനാൽ അവർക്കും സ്വീകാര്യനായേക്കും.
ഇറാൻ മതനേതാക്കളുടെ പഠനകേന്ദ്രമായ ഖോമിൽ തന്നെയായിരുന്നു സഫിയെദ്ദീന്റെ മതപഠനവും. മാത്രമല്ല ഇറാന്റെ കൊല്ലപ്പെട്ട മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയെദ്ദീന്റെ മകൻ റിദ വിവാഹം ചെയ്തിട്ടുള്ളത്. യുഎസ് മാത്രമല്ല സൗദി അറേബ്യയും സഫിയെദ്ദീന് നേരത്തെ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്റല്ലയുടെ കൊലപാതകം ലബനൻ സായുധ സംഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നസ്റല്ലയ്ക്ക് പുറമെ ഹിസ്ബുല്ല ഭരണനേതൃത്വത്തിലെ പ്രധാനികളായ പത്തോളം പേരെയും ഇസ്രയേൽ തുടച്ചുനീക്കിയിട്ടുണ്ട്. ഇതും സംഘടനയുടെ നേതൃത്വത്തിലേക്ക് ആര് എന്ന വലിയ സംശയത്തിന് കാരണമായിരിക്കുകയാണ്. നസ്‌റല്ലയുടെ മരണത്തോടെ മേഖലയിൽ സംഘർഷം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.
ഹിസ്ബുള്ളയിൽ നിന്നും, പ്രത്യേകിച്ച് ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ നിന്നുള്ള പ്രതികാര നടപടികൾ പ്രതീക്ഷിച്ച് ഇസ്രായേൽ സൈന്യം തങ്ങളുടെ സേനയെ കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. ലെബനൻ്റെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, നിലവിലുള്ള സംഘർഷം കുറഞ്ഞത് 720ഓളം പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്, ഇത് ഈ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുകയാണ്.