ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തിനെതിരെ കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ക്ഷമിക്കാനാവാത്ത കുറ്റം ചെയ്തു. വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളോട് നെതന്യാഹുവിന്‍റെ പ്രതികരണം. 'ഇസ്രയേലിന്‍റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയ–സുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.
ഇന്നലെയാണ് ജെറുസലേമിലും ജോര്‍ദാന്‍ നദീതീരത്തേക്കുമടക്കം നാന്നൂറിലേറെ മിസൈലുകള്‍ ഇറാന്‍ വര്‍ഷിച്ചത്. ജനം ഷെല്‍ട്ടറുകളിലേക്ക് ഓടിയൊളിച്ചു. എങ്ങും അപായ സൈറന്‍ മുഴങ്ങിയെന്നും ലൈവ് സംപ്രേഷണത്തിന്‍റെ ഇടയില്‍ മിസൈലുകള്‍ പതിക്കുന്നത് അറിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകരടക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ദാന്‍റെ ആകാശത്ത് മിസൈലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് കണ്ടെന്ന് രാജ്യാന്തര വാര്‍ത്താമാധ്യമമായ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ നിന്നുമെത്തിയ 180 മിസൈലുകളെ പ്രതിരോധിച്ചുവെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.
ഇറാനില്‍ നിന്നും ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്നും അതിനാല്‍ പരമാവധി ഷെല്‍ട്ടറുകളില്‍ കഴിയണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹിസ്ബുല്ല നേതാക്കളെ വകവരുത്തിയതിനുള്ള പ്രതികാരം ഇസ്രയേലിനോട് ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിനച്ചിരിക്കാത്ത സ്ഥലങ്ങളിലേക്ക് ആക്രമണം ഉണ്ടായത്.
'ഇറാന് യുദ്ധത്തിലൊന്നും ഒരു താല്‍പര്യവുമില്ല. പക്ഷേ ഭീഷണികളെ നിവിര്‍ന്ന് നിന്ന് പ്രതിരോധിക്കുക തന്നെ ചെയ്യും. ഇസ്രയേലില്‍ ഇന്ന് നടത്തിയ മിസൈല്‍ ആക്രമണം ഇറാന്‍റെ കരുത്തിന്‍റെ ഒരു തരി മാത്രമാണ്. ഇറാനോട് ഇടയാന്‍ വരരു'തെന്നും പെസഷ്കിയാന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. സയോണിസ്റ്റ് ഭരണകൂടത്തിന്‍റ അധിനിവേശത്തിനും ഇറാനിലെ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനുമുള്ള നിയമപരമായ അവകാശം വിനിയോഗിക്കുകയാണ് ചെയ്തതെന്നായിരുന്നു പെസഷ്കിയാന്‍ കൂട്ടിച്ചേര്‍ത്തു. മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തുനിഞ്ഞാല്‍ തച്ചുടയ്ക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.